ഓലക്കുടയുമായി മുരളീധരന് ഇവിടെയുണ്ട്
ചെറുവത്തൂര്‍: ശീലക്കുടകളുടെ വര്ണമേളത്തിനിടയിലും ഓലക്കുടകളെ കൈവിടാതെ കയ്യൂരിലെ മുരളീധരന്. പഴമയുടെ പ്രൗഢിയില്‍ ഇദ്ദേഹം ഒരുക്കുന്ന ഓലക്കുടകള്‍ പുതുതലമുറയില്‍ കൗതുകം നിറയ്ക്കുന്നു. ആചാരത്തിന്റെ ഭാഗമായി മാത്രമല്ല, മഴയില്‍ നിന്നും വെയിലില്‍ നിന്നും രക്ഷനേടാനും പഴയകാലത്ത് ഓലക്കുടകളായിരുന്നു ഉപയോഗിച്ചിരുന്നത്. കാലം മാറിയതോടെ ഓലക്കുട നിര്‍മാണവും അന്യംനില്ക്കുകയാണ്. എന്നാല്‍ പാരമ്പര്യമായി കിട്ടിയ ഈ തൊഴില്‍ കൈവിടാന്‍ മുരളീധരന് തയാറല്ല. പിതാവില്‍ നിന്നാണു നിര്‍മാണരീതി പഠിച്ചത്. കുടപ്പനയോലയാണു പ്രധാന നിര്‍മാണ വസ്തു. ശ്രമകരമാണ് നിര്‍മാണം. പൊള്ളയായ മുളകളാണു നിര്‍മാണത്തിനുപയോഗിക്കുക.
തണലില്‍ ഉണക്കി പച്ചനിറം ഇല്ലാതായതിനുശേഷം മഞ്ഞില്‍ വച്ച് വെള്ളംതളിച്ചു പശിമവരുത്തിയാണ് പനയോല നിര്‍മാണത്തിനായി തയാറാക്കുന്നത്. മറക്കുട, കന്യാക്കുട, മംഗലക്കുട, വേളിക്കുട, കന്നിക്കുട, കുണ്ടന്‍കുട, തൊപ്പിക്കുട, ചിത്രക്കുട, ആചാരക്കുട എന്നിങ്ങനെ പോകുന്നു ഓലക്കുടകളുടെ പേരുകള്‍. ഇപ്പോള്‍ കൂടുതലായും നിര്‍മിക്കുന്നത് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന ചിത്രക്കുടയും ആചാര കുടകളുമാണ്. പൂരക്കാലമായതോടെ നിരവധിപേര്‍ കുടകള്‍ക്കായി മുരളീധരനെ തേടിയെത്തുന്നുണ്ട്. കഴിയാവുന്നിടത്തോളം കാലം ഈ മേഖലയില്‍ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."