'പറക്കുംതളിക' പിടികിട്ടാപ്പുള്ളിയല്ലെന്ന്; ഉറക്കം നഷ്ടമായി പൊലിസ്
കാട്ടാക്കട: കുപ്രസിദ്ധ കുറ്റവാളി 'പറക്കുംതളിക' ബൈജു എന്നറിയപ്പെടുന്ന ഉറിയാക്കോട് പൊന്നെടുത്തകുഴി മേലേപുത്തന്‍വീട്ടില്‍ ജയിന് വിക്ടര്‍ (38) പൊലിസിന്റെ ഉറക്കംകെടുത്തുന്നു. നിലവില്‍ ഒരു കേസില്‍ പോലും പിടികിട്ടാപുള്ളിയല്ല പറക്കുംതളിക. പക്ഷേ ബന്ധുക്കളുമായി അടിപിടിയുണ്ടാക്കി തലയ്ക്ക് പരുക്കേറ്റ് കിടന്ന പറക്കുംതളികയെ ആശുപത്രിയിലെത്തിച്ച പൊലിസ് ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്.
രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച പൊന്നെടുത്തകുഴിയിലെത്തി ബന്ധുക്കളുമായി നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലിസ് പറക്കുംതളികയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്ലെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞതിനാല്‍ കേസെടുത്തില്ല.
ഇവിടെ ചികിത്സയില്‍ കഴിയവെ പറക്കുംതളിക തിങ്കളാഴ്ച മുങ്ങി. ഇതോടെ പിടികിട്ടാപുള്ളിയെ കൈയില്‍ കിട്ടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലിസ് കൃത്യവിലോപം കാണിച്ചുവെന്നായി ആക്ഷേപം. ചില മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ വാറണ്ടുണ്ടോ എന്ന് അന്വഷിച്ചെങ്കിലും ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍ പറയുന്നു.
സംഭവത്തില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഡിവൈ.എസ്.പി അറിയിച്ചു. അതു കൊണ്ടു തന്നെ കുറ്റവാളിയാണെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയയാളെ എങ്ങനെ കസ്റ്ററ്റഡിയിലെടുക്കുമെന്നാണ് പൊലിസിന്റെ മറു ചോദ്യം. പറക്കുംതളിക ബൈജു തലയ്ക്ക് വെട്ടേറ്റ് കിടന്നത് അരശുംമൂട് ജങ്ഷനില്‍ നിന്ന് പൊന്നെടുത്തകുഴിയിലേക്ക് പോകുന്ന റോഡിലാണ്.
അന്ന് രാത്രി ഉപേക്ഷിക്കപ്പെട്ട നിലയില്‍ സംഭവസ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ നെടിയവിളയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിളപ്പില്‍ശാല പൊലിസ് ഒരു പള്‍സര്‍ ബൈക്ക് കണ്ടെടുത്തു. അന്വേഷണത്തില്‍ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ചെങ്ങന്നൂര്‍ സ്വദേശിയുടെ ബൈക്കാണെന്നും, മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മോഷണ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ കേസിലും പറക്കുംതളികയെ പ്രതിചേര്‍ക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
ഇത് ഇയാള്‍ വന്ന ബൈക്കാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ദൃക്സാക്ഷികളുമില്ല. പറക്കും തളിക സ്ഥിരം കേസ്സില്‍ പ്രതിയായതിനാല്‍ അത് മോഷ്ടിച്ചത് ഇയാളാണോ എന്നതും പൊലിസിനെ അലട്ടുന്നു. മാറനല്ലൂരില്‍ കഴിഞ്ഞ ദിവസം നടന്ന പിടിച്ചുപറി ശ്രമത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ പൊലിസിനായിട്ടില്ല.
അതുകൊണ്ട് തന്നെ പറക്കം തളിക പൊലിസിന് വന്‍ പൊല്ലാപ്പാണ് നല്‍കിയിട്ടുള്ളത്. നിജസ്ഥിതി അറിയാന്‍ പറക്കം തളികയെ പിടിക്കാന്‍ പൊലിസ് സംസ്ഥാനമൊട്ടാകെ വലവിരിച്ചതായി ഡിവൈ.എസ്.പി അനില്‍കുമാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."