'കേന്ദ്രപദ്ധതിയുടെ പങ്ക് വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം'
കൊച്ചി: പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് മുഖേന ആസൂത്രണം ചെയ്ത ട്രാന്‍സ്‌ഫോമേഷന്‍ ഓഫ് ആസ്പിറേഷനല്‍ ഡിസ്ട്രിക്ട്‌സ് പദ്ധതിയുടെ പങ്കു വേണ്ടെന്നു തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്.
പദ്ധതിയനുസരിച്ചു തെരഞ്ഞെടുത്ത 117ല്‍ 111 ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കേരള സര്‍ക്കാര്‍ കേന്ദ്ര ഫണ്ടായി ലഭിക്കേണ്ട കോടികള്‍ വേണ്ടെന്നു വയ്ക്കുകയാണ്.
സംസ്ഥാനത്തുനിന്നു വയനാട് ജില്ലയെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ആരോഗ്യം, കൃഷി, ജലസേചനം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യം, വികസനം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നീതി ആയോഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടാതെ ഓരോ ജില്ലയ്ക്കും സീനിയര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും വച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുകയും ചെയ്യാം. എന്നാല്‍, നീതി ആയോഗിനു ചീഫ് സെക്രട്ടറി അയച്ച മറുപടിയില്‍ പദ്ധതി ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുയാണെന്നു പി.സി. തോമസ് പറഞ്ഞു.
വയനാട്ടിലെ വികസനം സാധ്യമാക്കുന്ന ഈ പദ്ധതി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു 16ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ കല്‍പ്പറ്റയില്‍ പി.സി. തോമസ് ഉപവാസം അനുഷ്ഠിക്കും.
സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും. പി.ജെ. ബാബു, വിനോദ് തമ്പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."