മുളിയാറില്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
ചെര്‍ക്കള: മാതൃക സെക്ഷന്‍ ഓഫിസായി ഉയര്‍ത്തിയിട്ടും ഉപഭോക്താക്കളുടെ എണ്ണം കുടിയതിനാല്‍ പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ് ചെര്‍ക്കള വൈദ്യുതി സെക്ഷന്‍ ഓഫിസ്.
മറ്റിടങ്ങളില്‍ 8000 കണ്‍സ്യൂമര്‍മാര്‍ക്ക് ഒരു ഓഫിസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജില്ലയിലെ ഏറ്റവും വലിയ സെക്ഷന്‍ ഓഫിസായ ഇവിടെ കണ്‍സ്യൂമര്‍മാരുടെ എണ്ണം 30000 ത്തോളമാണ്. കണക്കിലധികം ഉപഭോക്താക്കളുള്ള ചെര്‍ക്കള സെക്ഷന്‍ വിഭജിച്ച് മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ആസ്ഥാനമായി പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളും കാറഡുക്ക പഞ്ചായത്തിന്റെ പകുതി ഭാഗവും ഉള്‍പ്പെടുന്നതാണ് ഈ സെക്ഷന്‍ ഓഫിസ്. കൂടുതലും വനമേഖലയിലൂടെയും തോട്ടങ്ങള്‍ക്കു നടുവിലുടെയുമാണു വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്. ഇതു കാരണം മഴക്കാലത്ത് ചെറിയ കാറ്റടിച്ചാല്‍ പോലും ദിവസങ്ങളോളം ഇരുട്ടിലാകും. വേനല്‍ക്കാലത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്.
ഉപഭോക്താക്കളുടെ എണ്ണക്കൂടുതല്‍ കാരണം ദിവസേന പരാതികളുടെ എണ്ണവും കൂടുകയാണ്. ഇതുമൂലം കൃത്യസമയത്ത് തകരാറുകള്‍ പരിഹരിക്കാന്‍ സെക്ഷന്‍ പരിധിയിലെ എല്ലാ ഭാഗങ്ങളിലും എത്താന്‍ സാധിക്കുന്നില്ലെന്നാണു ജീവനക്കാര്‍ പറയുന്നത്. അതിനു പുറമെ ഓരോ മാസവും പുതിയ കണക്ഷനു വേണ്ടി നൂറിലധികം അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചെര്‍ക്കള സെക്ഷന്‍ കീഴിലുള്ള ഉപഭോക്താക്കളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാന്‍ ബോവിക്കാനത്ത് സെക്ഷന്‍ ഓഫിസ് ആരംഭിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."