ഇരിട്ടി പാലത്തിന്റെ ഗര്‍ഡര്‍ ബസിനു മുകളില്‍ വീണു
ഇരിട്ടി: ഇരിട്ടി പാലത്തിന്റെ മുകള്‍തട്ടിലെ ഇരുമ്പു ഗര്‍ഡര്‍ തകര്‍ന്ന് ബസിനു മുകളില്‍ വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പാലത്തിന്റെ ഇരുഭാഗത്തെയും കൂറ്റന്‍ ഉരുക്ക് ബീമുകളെ ബന്ധിപ്പിച്ചു താങ്ങിനിര്‍ത്തുന്ന ഇരുമ്പ് ഗര്‍ഡറുകളണ് ഇന്നലെ വൈകിട്ട് 2.30ഓടെ തകര്‍ന്നു വീണത്. ആര്‍ക്കും പരുക്കോ അപകടമോ ഇല്ല. ഇരിട്ടിയില്‍നിന്ന് ഉളിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നിര്‍മാല്യം ബസിന്റെ മുകളിലേക്കാണ് ഗര്‍ഡര്‍ തകര്‍ന്നു വീണത്. 1933ല്‍ ബ്രിട്ടീഷുകാര്‍ കൂറ്റന്‍ ഉരുക്ക് ബീമുകള്‍കൊണ്ട് നിര്‍മിച്ച പാലത്തിന്റെ ഭാരം മുഴുവന്‍ ലഘൂകരിച്ച് താങ്ങിനിര്‍ത്തുന്നത് ബീമുകളെ പരസ്പരം ബന്ധിപ്പിച്ച് നില്‍ക്കുന്ന ഗാര്‍ഡറുകളാണ്. ഇവയ്ക്കുണ്ടാവുന്ന ബലക്ഷയം പാലത്തിനെ മുഴുവനായും ബാധിക്കും. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ പൈലിങ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം നേരം ഇരിട്ടി ടൗണില്‍ ഗതാഗതം സ്തംഭിച്ചു. ഇരിട്ടി അഗ്‌നിരക്ഷാനിലയം ഓഫിസര്‍ ജോണ്‍സര്‍ പീറ്ററുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഗ്യാസ് വെല്‍ഡര്‍മാരെ വരുത്തി അപകടത്തില്‍പെട്ട ഇരുമ്പ് ഗര്‍ഡറുകള്‍ മുറിച്ചു മാറ്റിയ ശേഷമാണ് ഇതുവഴി വാഹന ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."