ക്വാറിയില്‍ വിഷംകലക്കി; മീനുകള്‍ ചത്തുപൊങ്ങി
കാട്ടിക്കുളം: സാമൂഹ്യ ദ്രോഹികള്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് മീനുകള്‍ ചത്തു പൊങ്ങി. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം ചേലൂര്‍ കണികുടിയില്‍ ജനാര്‍ദ്ദനന്റെ കൃഷിയിടത്തിലെ മത്സ്യങ്ങളാണ് ചത്തത്. ഇയാള്‍ എട്ടു വര്‍ഷമായി വീടിന് സമീപത്തെ ക്വാറിയില്‍ മത്സ്യ കൃഷി ചെയ്തു വരികയാണ്. കട്ട്ല, രോഹു, ചെമ്പല്ലി എന്നിവയാണ് പ്രധാനമായും വളര്‍ത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ക്വാറിയിലെ കുളത്തില്‍ വിളവെടുക്കാനായ 20 ഓളം കട്ട്ല മീനുകളാണ് ചത്തുപൊങ്ങിയത്. വലുപ്പമുള്ള 50 ഓളം മീനുകള്‍ വെള്ളത്തിനടിയില്‍ ചത്തു കിടക്കുകയുമാണ്. കുളത്തില്‍ നിന്നും കോഴി അവശിഷ്ടങ്ങള്‍ അടങ്ങിയ രണ്ടു ചാക്ക് കെട്ടുകളും കണ്ടെത്തി. നഞ്ച് കലക്കുകയോ അല്ലെങ്കില്‍ കോഴി മാലിന്യങ്ങള്‍ക്കുള്ളില്‍ വിഷം ചേര്‍ത്തത് കാരണമോ ആണ് ഒരോ ദിവസവും മീനുകള്‍ ചത്തു പൊങ്ങുന്നതെന്ന് ജനാര്ദ്ദനന് പറഞ്ഞു. ഒരു മാസം മുന്‍പ് കുളത്തില്‍ സാമൂഹ്യദ്രോഹികള്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ഇയാളുടെ 15 ഓളം വലിയ ചെമ്പല്ലികള്‍ ചത്തുപൊങ്ങിയിരുന്നു. തിരുനെല്ലി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."