ജില്ലയിലെ വിവിധ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി
തൃശൂര്‍: ഉദ്യോഗസ്ഥഭരണപരിഷ്ക്കാരവകുപ്പിനു കീഴിലുളള അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിഭാഗം ജില്ലയില്‍ വിവിധ ഓഫിസുകളില്‍ ദ്രുതപരിശോധന നടത്തി. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഓഫീസുകള്‍ക്കും ഓഫീസ് രേഖകള്‍ കൃത്യമായി സൂക്ഷിക്കാത്ത ഓഫിസുകള്‍ക്കും അഡീഷണല്‍ സെക്രട്ടറി വി.എ.മോഹന്‍ലാലിന്റെ നേതൃത്വത്തിലുളള അംഗങ്ങള്‍ കര്‍ശന നിര്‍ദേശം നല്കി. കൂടാതെ ഓഫിസുകളിലെ കൃത്യവിലോപം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരിശോധന റിപ്പോര്‍ട്ടു നല്‍കുകയും ചെയ്യും.
ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ലേബര്‍ ഓഫിസ്, കെ.എസ്.എഫ്.ഇ ഹെഡ് ഓഫിസ്, ആയൂര്‍വേദ, ഹോമിയോ, ഹെല്‍ത്ത് ഡി.എം.ഒ ഓഫിസുകള്‍ തുടങ്ങിയവ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിഭാഗം പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകും. കൊല്ലം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഇതിനകം പരിശോധന നടത്തിയിരുന്നു.
ജില്ലയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു പരിശോധന. അണ്ടര്‍ സെക്രട്ടറി എസ്.സുരേഷ് കുമാര്‍,സെക്ഷന്‍ ഓഫീസര്‍ ടി.പ്രദീപ് കുമാര്‍, അസി.സെക്ഷന്‍ ഓഫീസര്‍മാരായ ജി.എസ്.പ്രശാന്ത്, സതീഷ് കുമാര്‍ ബി എന്നിവരും പരിശോധനയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."