തകര്‍ന്നു കിടക്കുന്ന കയ്പമംഗലത്തെ റോഡുകള്‍ക്ക് ഇനിയും ശാപമോക്ഷമായില്ല
കയ്പമംഗലം: തകര്‍ന്നു കിടക്കുന്ന കയ്പമംഗലത്തെ റോഡുകള്‍ക്ക് ഇനിയും ശാപമോക്ഷമായില്ല. ഫെബ്രുവരി ആദ്യ വാരത്തില്‍ റോഡ് പണി ആരംഭിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നുവെങ്കിലും മാര്‍ച്ച് മാസം പകുതി പിന്നിട്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ തുടരുകയാണ്. റോഡിന് ലക്ഷങ്ങളുടെ തുക അനുവദിച്ചു എന്നുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നോക്കി നെടുവീര്‍പ്പിടുകയാണ് നാട്ടുകാര്‍.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റോഡ് നന്നാക്കാനുള്ള മെറ്റീരിയലുകള്‍ പോലും ഇതുവരെ ഇറക്കിയിട്ടില്ല. സമീപ പഞ്ചായത്തുകളില്‍ റോഡ് പണി തകൃതിയായി നടക്കുമ്പോള്‍ കയ്പമംഗലത്ത് റോഡ് പണിയുടെ ടെന്‍ഡര്‍ എടുക്കാന്‍ പോലും കരാറുകാര്‍ തയ്യാറാകാത്തത് എന്തുകൊണ്ട് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
രണ്ട് തവണ ടെന്‍ഡര്‍ പരസ്യം നല്‍കിയെങ്കിലും പ്രധാനപ്പെട്ട അഞ്ചു റോഡുകളുടെ ടെന്‍ഡര്‍ പോലും നടന്നിട്ടില്ല. ടെന്‍ഡര്‍ കഴിഞ്ഞ റോഡുകളുടെ പണി ആരംഭിക്കാതെ കരാറുകാര്‍ പഞ്ചായത്തിനെ വട്ടംകറക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തിവെച്ച കാളമുറി ചളിങ്ങാട് റോഡിന് പോലും ടെണ്ടര്‍ ആകാത്തതിനാല്‍ ക്വട്ടേഷന്‍ നല്‍കി പണിയിപ്പിക്കാനാണ് പഞ്ചായത്ത് തീരുമാനം. റോഡു നിര്‍മാണത്തിന് നേരത്തെ സര്‍ക്കാര്‍ കണക്കാക്കിയിരുന്ന തുക കുറച്ചതാണ് കരാറുകാരെ ചൊടിപ്പിച്ചത്.
നിര്‍മാണ സാമഗ്രികള്‍ക്ക് സര്‍ക്കാര്‍ കണക്കാക്കുന്നതിലും 50% ശതമാനം വില അധികം നല്‍കണം. ഇതോടെ നിര്‍മാണം നഷ്ടക്കച്ചവടം ആകുമെന്ന കണക്കുകൂട്ടലിലാണ് കരാറുകാര്‍. എന്നാല്‍, ഇരട്ടിയിലധികം ലാഭം പ്രതീക്ഷിച്ച് കൂടുതല്‍ തുക അടിച്ചു മാറ്റാനുള്ള കരാറുകാരുടെ അടവാണ് ഇതെന്നും ജന സംസാരമുണ്ട്.
അതേസമയം ഉള്‍നാടന്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടും കയ്പമംഗലത്തെ പ്രതിപക്ഷം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്.
മുസ്‌ലിംലീഗ് നേതൃത്വത്തില്‍ ചെറിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയെങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് മൗനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."