കാലിപിടിത്തം കടലാസിലൊതുങ്ങി: ഗോശാലകളായി നഗരനിരത്തുകള്‍
ഒലവക്കോട് : പാലക്കാട് നഗരം എത്രയോനാളായി പശുക്കളുടെ അമ്പാടിയാണ്. നാട്ടുകാരുടെ പശുക്കള്‍ക്ക് യഥേഷ്ടം മേയാനുള്ള ഇടമാണ് നിരത്തുകളും ബസ് സ്റ്റാന്‍ഡുകളും റെയില്‍വേസ്റ്റേഷനും. അലഞ്ഞുതിരിയുന്ന പശുക്കളെ ഇടിച്ച് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരിക്കുപറ്റുമ്പോള്‍ മാത്രം ചര്‍ച്ചാവിഷയമാക്കാനുള്ള സംഭവങ്ങളാണ് ഇവ.
കഴിഞ്ഞ നവംബറില്‍ അലഞ്ഞു തിരിയുന്ന കന്നുകാലിയെ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. നൂറടി റോഡില്‍ പുത്തൂര്‍ ചന്ത കൂട്ടുപാതയില്‍ രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവാവ് മരിച്ചതോടെ കന്നുകാലി പിടിത്തവും പിഴചുമത്തലും പ്രഖ്യാപനങ്ങളുമൊക്കെയായി ദിവസങ്ങള്‍ കടന്നു. എന്നാല്‍ സംഗതി വീണ്ടും നിന്നു. കന്നുകാലികളെ തട്ടി ഇരുചക്രവാഹനക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് തുടര്‍ച്ചയായിട്ടാണ്. അപകടം തുടര്‍ന്നതോടെ നിയമം ഭേദഗതി ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. പുതുക്കിയ ഭേദഗതികള്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നതും പാഴ്‌വാക്കാണ്.
മുന്‍പ് നഗരസഭയുടെ ആലയില്‍ സ്ഥലമില്ലാത്തതായിരുന്നു പ്രധാനപ്രശ്‌നം. ആദ്യദിവസം മൂന്നുപശുക്കളെ പിടികൂടി ആലയില്‍ കെട്ടിയിട്ടു. നൂറടി റോഡില്‍ നിന്നും വിക്‌ടോറിയ കോളേജിന് സമീപത്തു നിന്നുമാണ് അന്ന് പശുക്കളെ പിടികൂടിയത്. നഗരസഭയുടെ ആരോഗ്യവിഭാഗം രണ്ട് ഡിവിഷനുകളിലായി ആറുപേരെ അന്ന് നിയോഗിച്ചു. പശുക്കളെ പിടികൂടാന്‍ കരാര്‍ നല്‍കാനുള്ള പദ്ധതിയുമിട്ടിരുന്നു. എന്നാല്‍, അന്നത്തെ പ്രധാന പ്രശ്‌നം സ്ഥലപരിമിതിയാണ്. കൊപ്പത്തെ ആലയില്‍ മൂന്ന് പശുക്കളെയേ കെട്ടാന്‍ സാധിക്കൂ ഇതിനുപകരമായി വലിയ ആല നിര്‍മിക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. ഒന്നും നടന്നില്ല.
അഞ്ചു വര്‍ഷം മുമ്പും നഗരസഭ അലഞ്ഞു തിരിയുന്ന കാലികളെ പിടിച്ചുകെട്ടിയിരുന്നു. എന്നാല്‍ അന്ന് ഉടമസ്ഥരെത്താതെ പശുക്കള്‍ക്ക് വെള്ളവും തീറ്റയും നല്‍കി മടുത്തു. പിന്നീടത് നിന്നുപോവുകയായിരുന്നു. ഇപ്പോള്‍ 2,000മുതല്‍ 5,000 വരെയാണ് പിടികൂടുന്ന പശുക്കളെ വിട്ടുനല്‍കുന്നതിന് അടയ്‌ക്കേണ്ട പിഴത്തുക. നിലവില്‍ പൊതുനിരത്തുകളിലേക്ക് കാലികളെ അഴിച്ചുവിട്ടാല്‍ കുറഞ്ഞ പിഴ മാത്രമേ ഈടാക്കാന്‍ സാധിക്കൂ. ഇതുമാറ്റി കാലാകാലങ്ങളില്‍ പിഴത്തുക കൗണ്‍സിലിന് തീരുമാനിക്കാവുന്ന വിധത്തിലാണ് ഭേദഗതികള്‍ വരുത്തുക. ഒപ്പം കാലിപിടിക്കാനുള്ള ചുമതല നിബന്ധനകള്‍ക്ക് വിധേയമായി താത്പര്യമുള്ള സംഘടനകള്‍ക്ക് കൈമാറും.
പുതിയചട്ടം പ്രാബല്യത്തിലായാല്‍ പിഴയ്ക്കു പുറമേ കാലികളെ പിടികൂടാനുള്ള ചെലവ്, പരിപാലനത്തിനുള്ള തുക എന്നിവയും ഉടമസ്ഥനില്‍ നിന്ന് ഈടാക്കും. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍.
ഇതിനായി രണ്ടുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലേക്ക് കാലികളെ അഴിച്ചുവിടുന്നവരെ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ കണ്ടെത്താനും നടപടി തുടങ്ങിയെങ്കിലും എല്ലാം പേരില്‍ ഒതുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."