വയനാട് കേബിള്‍ കാര്‍ പദ്ധതി; നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്ന കേബിള്‍ കാര്‍ പദ്ധതിക്ക് വഴിതെളിയുന്നു. വയനാടിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതി സംബന്ധിച്ച് ജില്ലാ കലലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ അടിവാരം മുതല്‍ വയനാട് ലക്കിടി വരെ തുടങ്ങുന്ന പദ്ധതിക്ക് പിന്നില്‍ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സാണ്. 70 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ദാമോദര്‍ റോപ് വേ ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കൊല്‍ക്കത്ത കമ്പനിക്കായിരിക്കും പദ്ധതിയുടെ നിര്‍മാണ ചുമതല. വയനാട് ചുരം യാത്ര 20 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ പ്രത്യേകത. ഇതോടെ യാത്രാ ദൂരം 3.6 കിലാമീറ്ററായി ചുരുങ്ങും. ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന കാബിനുകളാണ് കേബിള്‍ കാറില്‍ ഒരുക്കുന്നത്. 45 മുതല്‍ 50 വരെ കാബിനുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. മണിക്കൂറില്‍ 400 പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിനു മുകളില്‍ ലക്കിടിയിലും താഴെ അടിവാരത്തും റോപ് വേയില്‍ കയറുന്നിടത്തും ഇറങ്ങുന്നിടത്തും പാര്‍ക്കിങ്ങിന് ഒരേക്കര്‍ സ്ഥലമെങ്കിലും വേണം.
ലക്കിടിയില്‍ ഓറിയന്റല്‍ കോളജിനുസമീപം വൈത്തിരി വില്ലേജ് റിസോര്‍ട്ട് സി.എം.ഡി. എന്‍.കെ. മുഹമ്മദ് സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ അടിവാരത്ത് ഇതിനുള്ള സ്ഥലം ലഭ്യമായെങ്കിലും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ജൂണ്‍ ആദ്യവാരം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ജോര്‍ജ്.എം തോമസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജനറല്‍ സെക്രട്ടറി ഇ.പി. മോഹന്‍ദാസ്, വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."