കാക്കി ചുവക്കുന്നു, കരുതലോടെയിരിക്കണം
തിരുവനന്തപുരം: കാക്കിക്കുള്ളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലിസ് സേനയില്‍ മുന്‍പെങ്ങുമില്ലാത്തവിധം രാഷ്ട്രീയപ്രവര്‍ത്തനം നടക്കുന്നതായും നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര വിപത്തിലേക്ക് ചെന്നെത്തുമെന്നും ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ടി.കെ വിനോദ്കുമാര്‍ മുഖ്യമന്ത്രിക്കും പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലിസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ രക്തസാക്ഷി അനുസ്മരണം നടത്തിയതും മുദ്രാവാക്യം വിളിച്ചതും നിയമവിരുദ്ധമാണ്. എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് രക്തസാക്ഷി അനുസ്മരണം. പൊലിസ് അസോസിയേഷനുവേണ്ടി ആരും രക്തസാക്ഷികളാവുന്നില്ല. ജോലിയുടെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്ന പൊലിസുകാരെ അനുസ്മരിക്കാനും അഭിവാദ്യം അര്‍പ്പിക്കാനും സേനക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഇതിനപ്പുറം രാഷ്ട്രീയ പാര്‍ട്ടികളെപോലെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന പൊലിസുകാരെ അനുസ്മരിക്കുന്നതിന് ഈ ശുഷ്‌കാന്തി കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് പൊലിസ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, സമീപകാലത്തായി ഈ സംഘടന ഭരിക്കുന്ന പാര്‍ട്ടിയുടെ അനുകൂലികളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട പൊലിസ് ഇത്തരത്തില്‍ രാഷ്ട്രീയചായ്‌വ് പ്രകടമാക്കുന്നത് ആശാസ്യകരമായ രീതിയില്ല.
നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയില്‍ മാറ്റംവരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അസോസിയേഷന്‍ യോഗത്തില്‍ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പാടില്ലെങ്കിലും മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്തുപറഞ്ഞ് രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയുമാണ്. ഇഷ്ടമില്ലാത്തവരുടെ കീഴില്‍ ജോലിചെയ്യേണ്ടി വന്നതിന്റെ നിരാശയും ഇച്ഛാഭംഗങ്ങളും പലരും തീര്‍ക്കുന്നത് ഇത്തരത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് ഗൗരവമായി കാണുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതുസംബന്ധിച്ച് റെയ്ഞ്ച് ഐ.ജിമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രക്തസാക്ഷി അനുസ്മരണം മാറ്റില്ലെന്ന നിലപാടുമായി കേരള പൊലിസ് അസോസിയേഷന്‍ രംഗത്തെത്തി. 1980 മുതല്‍ അനുസ്മരണം നടക്കുന്നുണ്ട്. ഇന്നു വടകരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണം നടത്തുമെന്നും ജനറല്‍ സെക്രട്ടറി പി.ജി അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."