പിലിക്കോട് ബേങ്ക് മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ചെറുവത്തൂര്‍: പിലിക്കോട് സര്‍വിസ് സഹകരണബേങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് 82.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പിലിക്കോട് മല്ലക്കരയിലെ സി സുഭാഷാ(40)ആണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. ഇതിനിടയില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ ഒന്നാം പ്രതി കാലിക്കടവ് ശാഖാ മാനേജര്‍ എം.വി ശരത്ചന്ദ്രന്‍(47), അപ്രൈസര്‍ പി.വി കുഞ്ഞിരാമന്‍(52) എന്നിവരെ കാഞ്ഞങ്ങാടും കാലിക്കടവിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. മുക്കുപണ്ടങ്ങള്‍ വാങ്ങിയ കാഞ്ഞങ്ങാടെ പ്രമുഖ ജ്വല്ലറിയില്‍ ഉച്ചയോടെയാണ് തെളിവെടുപ്പു നടന്നത്. വൈകുന്നേരം അഞ്ചോയോടെ നീലേശ്വരം സി.ഐ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും ബാങ്കിലേക്കു തെളിവെടുപ്പിനായി കൊണ്ടുവന്നു. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേര്‍ ബേങ്ക് പരിസരത്ത് എത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അതേസമയം, ബേങ്കിലെ ഇടപാടുകാരായ പിലിക്കോട്ടെ ജയരാജന്‍, കാലിക്കടവിലെ രാജേഷ് എന്നിവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നിര്‍ദേശപ്രകാരം രണ്ടു കേസുകള്‍ കൂടി മാനേജര്‍ ശരത് ചന്ദ്രനെതിരേ രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ പേരില്‍ ശരത്ചന്ദ്രന്‍ വ്യാജരേഖകളുണ്ടാക്കി മുക്കുപണ്ടങ്ങള്‍ പണയം വച്ച് പണം തട്ടിയെടുത്തുവെന്നാണ് ജയരാജന്റെയും രാജേഷിന്റെയും പരാതികളില്‍ പറയുന്നത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണു ശരത്ചന്ദ്രന്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ചതെന്നും പരാതിയില്‍ ഇരുവരും വ്യക്തമാക്കുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി മുക്കുപണ്ടം പണയപ്പെടുത്തിയതായി കാണുന്ന മറ്റു ഇടപാടുകാരെ ഇന്നു മുതല്‍ വിശദമായി ചോദ്യം ചെയ്യും.
പിലിക്കോട് ബേങ്കില്‍ അഞ്ചു സ്ത്രീകളും നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 24 പേരുടെ പേരില്‍ 57 വായ്പകളിലായി 82.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണവകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."