ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം: മലയോര മേഖലക്ക് തകര്‍പ്പന്‍ ജയം
നിലമ്പൂര്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷാ റിസല്‍ട്ടില്‍ മലയോര മേഖലക്ക് തിളക്കമാര്‍ന്ന വിജയം. മേഖലയില്‍ 1200ല്‍ 1200 നേടി ആറ് വിദ്യാര്‍ഥികള്‍ താരങ്ങളായി. നിലമ്പൂര്‍ മാനവേദനിലെ ഡോണ സോണി, മമ്പാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ടി മുഷ് രിഫ, പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.അശ്വിന്‍, സി.നന്ദന്‍, കെ.പി ദേവിക, ടി.ടി ശരവണ വിനായക് എന്നിവരാണ് മലയോരത്തിന്റെ താരങ്ങളായത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിലമ്പൂര്‍ ഗവ.മാനവേദനില്‍ പ്ലസ്ടുവിന് ഇത്തവണ 88.79 ശതമാനം വിജയം. സയന്‍സില്‍ 100 ശതമാനം വിജയം കൊയ്‌തെടുത്തു. കൊമേഴ്‌സില്‍ 91, ഹ്യുമാനിറ്റീസില്‍ 76 ശതമാനം എന്നിങ്ങനെയാണ് വിജയം. പരീക്ഷയെഴുത്തിയ 357 കുട്ടികളില്‍ 317 പേര്‍ വിജയിച്ചു. 27 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. നിലമ്പൂരിലെ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് മാനവേദനിലാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പഠന നിലവാരമാണ് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മാനവേദനുണ്ടായത്. മമ്പാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 299 വിജയിച്ച് നൂറു ശതമാനം വിജയം നേടി. 34 വിദ്യാര്‍ഥികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കരുളായി കെ.എം.എച്ച്.എസ്.എസിന് 84.12 ശതമാനം വിജയം.
പരീക്ഷയെഴുത്തിയ 233 കുട്ടികളില്‍ 196 കുട്ടികള്‍ വിജയിച്ചു. ഗോത്രവര്‍ഗകുട്ടികള്‍ പഠിക്കുന്ന വെളിയംതോട് ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 74 ശതമാനം വിജയം. പരീക്ഷയെഴുതിയ 27 കുട്ടികളില്‍ 20 പേരും വിജയിച്ചു. നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവറില്‍ നൂറ് ശതമാനമാണ് വിജയം. 55 കുട്ടികളില്‍ മുഴുവന്‍ പേരും വിജയിച്ചു. നാല് കുട്ടികള്‍ക്ക് എല്ലാം വിഷയത്തിനും എ പ്ലസും ലഭിച്ചു. നിലമ്പൂര്‍ പീവീസ് സ്‌കൂളിനും നൂറു ശതമാനം വിജയം നേടാനായി. പൂക്കോട്ടുംപാടം ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ 83 ശതമാനം വിജയം. പരീക്ഷയെഴുത്തിയ 16 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എരഞ്ഞിമങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 92 ശതമാനം വിജയം നേടി. 232 കുട്ടികളില്‍ 214 പേര്‍ വിജയിച്ചു.
അഞ്ചുപേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കരുവാരകുണ്ട് ഹയര്‍ സെക്കഡറി സ്‌കൂളില്‍ പ്ലസ് ടുവില്‍ 94 ശതമാനം വിജയം നേടി. 11 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 15 വിദ്യാര്‍ഥികള്‍ ഒരു വിഷയം മാത്രം പരാജയപ്പെട്ടവരുമാണ്.ആകെ 234 കുട്ടികളില്‍ 220 പേരും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."