വിദേശത്ത് ജീവന്‍ വെടിഞ്ഞവരുടെ ഉറ്റവര്‍ക്ക് താങ്ങായി റിയാസ്
കൂത്തുപറമ്പ്: വിദേശത്ത് മരണപ്പെട്ടു പോകുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായികൂത്തുപറമ്പിനടുത്ത് നരവൂരിലെ വൈറ്റ് ഹൗസില്‍ സി.കെ.റിയാസ്.
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് റിയാസിന്റെ ഈ പ്രവര്‍ത്തനം. മൊബൈല്‍ റീചാര്‍ജ് കാര്‍ഡ് വിതരണക്കാരനായി കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി ദുബൈയില്‍ ജോലി ചെയ്തു വരികയാണ് ഇദ്ദേഹം.പ്രവാസ ലോകത്ത് മരണപെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുന്നിട്ട് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് തുണയായി താമരശേരി സ്വദേശി അഷ്‌റഫുമുണ്ട്.
അഷ്‌റഫ് ദുബൈയില്ലാത്ത സമയത്ത് ആരെങ്കിലും മരണപ്പെട്ടാല്‍ ബന്ധുക്കള്‍ ആദ്യം സഹായം തേടുന്നതും വിളിക്കുന്നതും റിയാസിനെയാണ്.
മുന്നൂറോളം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ നാട്ടിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു.
ചില ദിവസങ്ങളില്‍ രണ്ടും മൂന്നും മൃതദേഹങ്ങള്‍ വരെ നാട്ടിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിയുടെ ഭാഗമായുള്ള പേപ്പര്‍ ക്ലിയറന്‍സ് ജോലികള്‍ പൂര്‍ത്തിയാക്കി കൊടുക്കലാണ് ഏറ്റവും പ്രധാനപെട്ട സഹായം.
ചില ഘട്ടങ്ങളില്‍ മരണപ്പെട്ടവരുടെ കൂടെ ആരുമില്ലെങ്കില്‍ മൃതദേഹത്തെ അനുഗമിക്കാനും റിയാസുണ്ടാവും.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇങ്ങിനെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്ട്. അസുഖബാധിതരായി കിടപ്പിലായവര്‍ക്ക് സഹായം ലഭ്യമാക്കാനും ഇദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിക്കാറുണ്ട്.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഈക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടില്ലെന്ന പരാതി ഇദ്ദേഹത്തിനുണ്ട്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സൗജന്യമായാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതെന്നും ഇതിന് ഉദാഹരണമായി റിയാസ് ചൂണ്ടി കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."