കേന്ദ്രാവിഷ്‌കൃത പദ്ധതി അമൃത് പദ്ധതിയില്‍ പാലക്കാട് നഗരസഭക്ക് 50.49 കോടി
പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയില്‍ പാലക്കാട് നഗരസഭക്ക് 50.49കോടി. പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഇന്ന് വൈകുന്നേരം മൂന്നിന് എം.ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.
2015-2016 സാമ്പത്തിക വര്‍ഷത്തെ 10 കോടി രൂപയാണ് ശുദ്ധ ജല വിതരണരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ലഭിച്ചത്. നഗരവാസികള്‍ക്ക് എല്ലാ സമയത്തും തുല്യഅളവില്‍ ശുദ്ധജലം എത്തിക്കുന്നതിനായി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു.
മലമ്പുഴ ശുദ്ധീകരണ പ്ലാന്റ് മുതല്‍ മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് വരെ 600 മി.മീ. ഡയമീറ്ററുള്ള പുതിയ ഡക്ടൈല്‍ അയേണ്‍ പൈപ്പുകള്‍ 2.6 കി.മീ ദൈര്‍ഘ്യത്തില്‍ സ്ഥാപിക്കാന്‍ 8.2 കോടി, പുത്തൂര്‍ ചന്ത ജംഗ്ഷന്‍ മുതല്‍ വടക്കന്തറ പൊലിസ് ക്വാട്ടേഴ്‌സ് വരെ 600 മി.മീ ഡയമീറ്ററുള്ള പുതിയ ഡക്ടില്‍ അയേണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി.
മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് മുതല്‍ കല്‍മണ്ഡപം പമ്പിംഗ് മെയിന്‍ വരെ 450 മി.മീ ഡയമീറ്റുള്ള ഡക്ടില്‍ അയേണ്‍ പൈപ്പുകള്‍ 4.65 കി.മീ ദൈര്‍ഘ്യത്തില്‍ സ്ഥാപിക്കാന്‍ 3.8 കോടി, നഗരത്തിലെ പാരമ്പര്യ കുടിവെള്ള സ്രോതസ്സുകള്‍ വലിയ തോതില്‍ മലിനമാകുകയും ഉപയോഗശൂന്യമാകുകയും ചെയ്യുന്നുണ്ട്. നഗരത്തിന് ഇതുവരെ അപരിചിതമായ കക്കൂസ് മാലിന്യം-മലിനജലം സംസ്‌ക്കരണത്തിന് വികേന്ദ്രീകൃത സംസ്‌കരണശാലകള്‍ സ്ഥാപിക്കുന്നതിനും നഗരസഭ ഉദ്യേശിക്കുന്നു.
മലിനജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിനുമായി 9.75 കോടി രൂപയാണ് അനുവദിച്ചു കിട്ടിയത്.
ഇതിനായുള്ള ഡി.പി ആര്‍ തയ്യാറാക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്‌ക്കരണശാലകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് കാല്‍ നടപാതകളും, ഫുട് ഓവര്‍ ബ്രിഡ്ജുകളും, സൈക്കിള്‍ ട്രാക്കുകളും നിര്‍മ്മിക്കുന്നതിനാണ് നഗരസഭ പ്രാധാന്യം കൊടുക്കുന്നത്.
കൂടാതെ നൂറടി റോഡിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി റോഡിനിരുവശവും ഫുട്പാത്ത്, ഡ്രൊയിനേജ്, സൈക്കിള്‍ ട്രാക്ക്, വിശ്രമകേന്ദ്രങ്ങള്‍ കിയോസ്‌ക്കുകള്‍ മുതലായവ സ്ഥാപിക്കുന്നതിനും അമൃത് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
നഗര ഗതാഗതത്തിനായി 17.42 കോടിരൂപയാണ് അനുവദിച്ചു കിട്ടിയത്. നൂറടി റോഡില്‍ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും 10 കോടി, ടിബി റോഡില്‍ റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിന് എസ്‌ക്കലേറ്റര്‍ സംവിധാനം രണ്ട് കോടി.
മോയന്‍ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്നും മോയന്‍സ് എല്‍.പി സ്‌ക്കൂളിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്നും വിക്ടോറിയ കോളജിന് മുന്നിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50 ലക്ഷം, മിഷന്‍ സ്‌ക്കൂളില്‍ നിന്നും മുനിസിപ്പല്‍ ജംഗ്ഷനിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50 ലക്ഷം, വിക്ടോറിയ കോളജ് -അഞ്ചുവിളക്ക് -സുല്‍ത്താന്‍പേട്ട കാല്‍നടപ്പാത 3.92 കോടി. നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കുന്നതിന് ഡ്രെയിനേജുകള്‍ നിര്‍മ്മിക്കുകയും തോടുകള്‍ നവീകരിക്കുന്നതിനുമായി 8.54 കോടിരൂപയാണ് അനുവദിച്ചു കിട്ടിയത്.
കല്‍വാക്കുളം റോഡ് 1.54കോടി, മണപ്പുള്ളിക്കാവ് തിരുനെല്ലായി പുഴവരെ ഡ്രെയിന്‍ വീതി കൂട്ടിപാലം നിര്‍മ്മിക്കല്‍ രണ്ട് കോടി, ശകുന്തള ജംഗ്ഷന് ചുറ്റുമുള്ള (ഇന്ദ്രാണി നഗര്‍ വഴി) ഡ്രെയിനേജുകള്‍ നവീകരിക്കല്‍ രണ്ട് കോടി, നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സെക്കന്‍ണ്ടറി ഡ്രെയിന്‍ നിര്‍മ്മാണം (അരയകുളം, പറക്കുന്നം, നരിക്കുത്തി, ശ്രീരാമപാളയം, കള്ളിക്കാട്, കരീം നഗര്‍, ന്യുകോളനി എന്നീ മുന്‍ഗണനാ ക്രമത്തില്‍) മൂന്ന് കോടി.
കോട്ടമൈതാനം നവീകരണം 1.5 കോടി, രമാദേവി നഗര്‍ പാര്‍ക്ക് നവീകരണം 33.5 ലക്ഷം, ഈശ്വര്‍ ഗാര്‍ഡന്‍ പാര്‍ക്ക് നവീകരണം 40 ലക്ഷം, മുനിസിപ്പാലിറ്റി ട്രാഫിക്ക് പാര്‍ക്ക് പുനരുദ്ധാരണം 26.5 ലക്ഷം, വിക്ടോറിയകോളേജിന് പുറകിലുള്ള പാര്‍ക്ക് 78 ലക്ഷം, കാസിം കോളനി പാര്‍ക്ക് 50 ലക്ഷം, ഐശ്വര്യനഗര്‍ പാര്‍ക്ക് 50 ലക്ഷം, ഡോ.കൃഷ്ണസ്വാമി പാര്‍ക്ക് ആന്‍ഡ് മറ്റുള്ള പാര്‍ക്കുകള്‍ 50 ലക്ഷം, നൂറടിറോഡില്‍ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും മൂന്ന് കോടി, കല്‍വാക്കുളം തോട് പുനരുദ്ധാരണം ഒരുകോടി.
കോട്ടമൈതാനം ഒരുകോടി, രമാദേവിനഗര്‍ പാര്‍ക്ക് 33.5 ലക്ഷം, ഈശ്വര ഗാര്‍ഡന്‍ പാര്‍ക്ക് 40 ലക്ഷം, മുനിസിപ്പാലിറ്റി ട്രാഫിക്ക് പാര്‍ക്ക് 26.5 ലക്ഷം എന്നിവ ഉടനെ ചെയ്തു തീര്‍ക്കും.
നഗരസഭ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സദ്ഭരണം ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട സേവനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പരിഷക്കാരങ്ങള്‍ അമൃത പദ്ധതിയുടെ ഭാഗമായി ചെയ്യുന്നു.
പാലക്കാട് നഗരസഭയില്‍ ഇ-ഗവേര്‍ണന്‍സ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. നഗരസഭ വെബ്‌സൈറ്റ പുതുക്കി നഗരസഭയുടെ എല്ലാ സേവനങ്ങളും വെബ് സൈറ്റിലൂടെ ലഭ്യമാക്കുന്ന രീതിയിലുമാണ് പുതുക്കിയിരിക്കുന്നത്.
കൂടാതെ പരാതി പരിഹാര സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ സേവനങ്ങളെ പറ്റിയുള്ള പരാതികളും തെരുവുവിളക്കുകളെകുറിച്ചുള്ള പരാതികളും വെബ് സൈറ്റിലൂടെ നഗരസഭാ ഭരണാധികാരികളെ അറിയിക്കാവുന്നതാണ്. പത്രസമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."