വിശ്വാസം നേടി പരീക്കര്‍; ഗോവയില്‍ ബി.ജെ.പി ഭൂരിപക്ഷം തെളിയിച്ചു
പനാജി: അഗ്നി പരീക്ഷയില്‍ ജയിച്ച് മനോഹര്‍ പരീക്കര്‍. ഗോവ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം തെളിയിച്ചു. നാല്പത് അംഗ സഭയില്‍ ബി.ജെ.പി 22 അംഗങ്ങളുടെ പിന്തുണ നേടി. 16 പേരാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. ഒരു കോണ്‍ഗ്രസ് എം.എല്‍.എ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ച വിശ്വജിത് റാണെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്.
13 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പി ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരുടെ മൂന്ന് വീതം അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. നാല്പതി അംഗ സഭയില്‍ 21 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടിയിരുന്നത്.
അവസാനം വരേയും ആത്മവിശ്വാസത്തിലായിരുന്നു 17 അംഗങ്ങളുള്ള സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്.
സത്യപ്രതിജ്ഞ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രിംകോടതി ഉത്തരവനുസരിച്ചാണ് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
കൂടെ നിന്ന എം.എല്‍.എമാര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും ബി.ജെ.പി മന്ത്രിസഭയില്‍ ഇടം നല്‍കിയിട്ടുണ്ട്. അധികാരമേറ്റ മന്ത്രിസഭയില്‍ മൂന്നു മന്ത്രിമാര്‍ മാത്രമാണ് ബി.ജെ.പി.യുടേതായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."