പട്ടണക്കാട് പഞ്ചായത്തിലെ പാടശേഖര സമിതികള്‍ നെല്‍കൃഷിയിറക്കാന്‍ തയാറാകുന്നില്ല
തുറവൂര്‍: നെല്‍കൃഷി നടത്താത്ത പാടശേഖരസമിതികള്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന കൃഷി വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തിന് പുല്ലുവില.
നെല്‍ കൃഷിക്ക് സമയമായപ്പോള്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഭൂരിഭാഗം പാടങ്ങളും മീന്‍ വളര്‍ത്തലില്‍ത്തന്നെ ഒതുങ്ങിയിരിക്കുകയാണ്.
നെല്‍കൃഷിക്കായി വെള്ളം വറ്റിച്ചു ഉണക്കിയിരിക്കുന്ന പാടങ്ങള്‍ക്ക് മീന്‍ വളര്‍ത്തുന്ന ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങള്‍ ഭീഷണിയിലാണ്.
കോടംതുരുത്ത് പഞ്ചായത്തിന്റെ പരിധിയിലെ കുരുടാക്കരി, കൊണ്ടയില്‍, വലിയ ചങ്ങരം, പുളിത്തറ മുറി, ചങ്ങരം 60 ഏക്കര്‍ ഉള്‍പ്പെടുന്ന ആയിരം ഏക്കറില്‍ നെല്‍കൃഷി തടസപ്പെടുത്തുന്ന നടപടിക്കെതിരേയാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിരിക്കുന്നത്.
കരിനിലവികസന ഏജന്‍സിയുടെ കീഴില്‍ പട്ടണക്കാട് ബ്ലോക്കില്‍ 52 പാടശേഖര കര്‍ഷക സമിതികളുണ്ടെന്നാണ് കണക്ക്.
കല്ല് കെട്ട് , മോട്ടോര്‍പുര, പത്തായം എന്നിവ സ്ഥാപിക്കാനും മോട്ടോര്‍ വാങ്ങുന്നതിനുമായി സമിതികള്‍ ലക്ഷങ്ങളാണ് സര്‍ക്കാറില്‍ നിന്നും കൈപ്പറ്റുന്നത്. നാമമാത്രമായ കൃഷിയിക്കിയ ശേഷം കൃഷി നാശത്തിന്റെ പേരില്‍ നഷ്ട പരിഹാരം വാങ്ങിച്ചെടുക്കലാണ് സ്ഥിരമായി നടക്കുന്നതെന്നു ജനങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ എല്ലാ പാടങ്ങളും നെല്‍കൃഷി നടത്താന്‍ യോഗ്യമല്ലെന്നും അത്തരം പാടങ്ങളിലാണ് മീന്‍കൃഷി നടത്തുന്നതെന്നും ബാക്കിയുള്ളവയില്‍ നെല്‍ക്കൃഷി നടത്തുന്നുണ്ടെന്നും പാടശേഖര സമിതിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."