സഊദിയില്‍ ജനിച്ച കുട്ടികളുടെ പേര് ചേര്‍ക്കാന്‍ ജവാസാത്തില്‍ നേരിട്ട് ഹാജരാവണം
ജിദ്ദ: ജവാസാത്തിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിദേശികളുമായി ബന്ധപ്പെട്ട് ഏതാനും സേവനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ജവാസാത്ത് ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായി സഊദിയില്‍ ജനിച്ച കുട്ടികളുടെ പേര് ചേര്‍ക്കാന്‍ ജവാസാത്തില്‍ നേരിട്ട് ഹാജരാവണം.
കുട്ടികളുടെ ഇഖാമയില്‍ ചേര്‍ക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ നിന്ന് സിവില്‍ സര്‍വീസ് വിഭാഗത്തിലേക്ക് അയക്കുന്ന ജനന്ന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ജവാസാത്തിലെത്തിയാല് കുട്ടിയെ ഇഖാമയില്‍ ചേര്‍ക്കാനാവുമെന്ന് ഉപമേധാവി ഖാലിദ് അല്‍ സൈഖാന്‍ പറഞ്ഞു.
അതേസമയം പിതാവും മാതാവും വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയവരായിരിക്കണമെന്നും നിബന്ധനയുണ്ട്. നാഷനാലിറ്റി മാറ്റം, മതം മാറ്റം തുടങ്ങിയ ഇഖാമയില്‍ മാറ്റുന്നതിനും കക്ഷികള്‍ നേരിട്ട് ജവാസാത്ത് ഓഫിസില്‍ ഹാജരായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് മതിയായ രേഖകളുമായാണ് ജവാസാത്തിനെ സമീപിക്കേണ്ടത്. ഇത്തരം സേവനങ്ങള്‍ ഒഴിച്ചുള്ള എല്ലാ നടപടികളും ഓണ്‍ലൈന്‍ വഴി ലഭ്യമായിരിക്കും.
പാസ്പോര്ട്ടില് സീലടിക്കുന്നതോ പേപ്പറില്‍ പ്രിന്റ് ചെയ്യുന്നതോ ആയ റീ എന്‍ട്രിയുടെ കാലം അവസാനിച്ചെന്നും രാജ്യത്ത് അനുമതിയുള്ള എല്ലാ എയര്‍ലൈന്‍ ഓഫിസുകള്‍ക്കും സ്വദേശത്തെയും വിദേശത്തെയും എംബസികള്‍ക്കും ഇഖാമ കാലാവധിയും റീ എന്‍ട്രിയും പരിശോധിക്കാനുള്ള സംവിധാനം ഓണ്‍ലൈന്‍ വഴി ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."