വീട്ടുമുറ്റത്തു വച്ചിട്ടു പോയ ബൈക്ക് വീട്ടുകാര്‍ക്ക് തലവേദനയാവുന്നു
കൊട്ടിയം: പൊലിസ് പിടികൂടി വീട്ടുമുറ്റത്തു വച്ചിട്ടു പോയ ബൈക്ക് വീട്ടുകാര്‍ക്ക് തലവേദനയായി മാറുന്നു. ബൈക്ക് എടുത്തു കൊണ്ടു പോകണമെന്നു കാട്ടി വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ബൈക്ക് വീട്ടുമുറ്റത്തു വച്ചിരിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് പുറത്തേക്ക് പോകാനും പറ്റാത്ത സ്ഥിതി. കൊല്ലൂര്‍വിള പള്ളിമുക്കില്‍ ഇത്തരത്തില്‍ രണ്ട് ബൈക്കുകളാണ് രണ്ടിടത്തായി കിടക്കുന്നത്. രണ്ടു മാസം മുമ്പാണ് പള്ളിമുക്ക് സീനാസ് ജങ്ഷനിലുള്ള ഫിയാസ് മന്‍സിലിന്റെ മുറ്റത്ത് പൊലിസ് ബൈക്ക് വച്ചിട്ടു പോയത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പൊലിസ് സംഘത്തെകണ്ട് ബൈക്കില്‍ വന്നവര്‍ ബൈക്ക്ഉപേക്ഷിച്ചു പോയതിനാലാണ് പൊലിസ് അടുത്തു കണ്ട വീട്ടില്‍ ബൈക്ക് വച്ചിട്ടു പോയത്. വീട്ടുകാരോട് പറഞ്ഞിട്ടാണ് പൊലിസ് ബൈക്ക് വച്ചിട്ടു പോയത്. അന്നു മുതല്‍ ബൈക്ക് സൂക്ഷിക്കേണ്ട ജോലി വീട്ടുകാര്‍ക്കായി.
നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് പുറത്തിരിക്കുന്നതിനാല്‍ ഇവിടെ വാടകക്ക് താമസിക്കുന്ന കുടുംബത്തിന് പുറത്തു പോകാന്‍ പറ്റാത്ത സ്ഥിതിയായി. ആളില്ലാത്ത സമയത്ത് ആരെങ്കിലുമെത്തി ബൈക്ക് എടുത്തു കൊണ്ടു പോയാല്‍ ഇവര്‍ മറുപടി പറയേണ്ടി വരുമോയെന്ന് ഭയന്നാണ് പുറത്ത് പോവാന്‍ പറ്റാത്തത്.
പൊലിസ് ബൈക്ക് കൊണ്ടു വച്ചതിനെ തുടര്‍ന്ന് പുലിവാല് പിടിച്ചതു പോലെയായ കുടുംബം കഴിഞ്ഞ ഒരു മാസം മുമ്പ് ഇരവിപുരം പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ നടപടിയുണ്ടാക്കാമെന്ന പൊലിസിന്റെ വാക്ക് വിശ്വസിച്ച് കാത്തിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റുവാനോ എഞ്ചിന് നമ്പര്‍ ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ബൈക്കിന്റെ ഉടമയെ കണ്ടെത്താനോ പൊലിസ് തയാറായിട്ടില്ല. ദേശീയപാതയില്‍ പള്ളിമുക്ക് ഉഷസ് ആഡിറ്റോറിയത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇത് ആരുടെ ബൈക്കാണെന്ന് അന്വേഷിക്കാന്‍ പോലും പൊലിസ് തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."