'ആസാം റൈഫിള്‍സിനെ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഉള്‍പ്പെടുത്തണമെന്ന്'
തൃശൂര്‍: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അര്‍ധസൈനിക വിഭാഗമായ ആസാം റൈഫിള്‍സിനെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ഉള്‍പ്പെടുത്തണമെന്നു ആസാം റൈഫിള്‍സ് എക്സ് സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ആസാം റൈഫിള്‍സ് ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ഉള്‍പ്പെടുന്ന ഇരട്ട നിയന്ത്രണത്തില്പ്പെട്ടു വിഷമിക്കുകയാണ്.
ഇതുമൂലം വിരമിച്ച സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയില്‍പോലും അംഗത്വം നേടാനാകുന്നില്ല. ഇക്കാര്യമാവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയില്‍ അസോസിയേഷന് നല്കിയ കേസ് നടന്നുകൊണ്ടിരിക്കയാണ്. ഇരട്ട നിയന്ത്രണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള തീരുമാനങ്ങളെ സംബന്ധിച്ചു കോടതി സര്‍ക്കാരിനോടു സത്യപ്രസ്താവന ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കയാണിപ്പോള്‍.
അതിനായി സര്‍ക്കാര്‍ ആറു ആഴ്ച കൂടി സമയം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്നു ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ രാവിലെ 11 നു ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി വി. തുളസി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി നായര്‍, ട്രഷറര്‍ എം. ഹരിദാസ്, ഒ.ടി ജോണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."