ചെറുതുരുത്തി തടയണ മെയിലും ചെങ്ങണാംകുന്ന് തടയണ നവംബറിലും പൂര്‍ത്തീകരിക്കും
ചേലക്കര : ദേശമംഗലം, വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍ എന്നീ പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും ഭൂഗര്‍ഭജല നിരപ്പ് ഉയര്‍ത്തി 100 കണക്കിനു ഏക്കര്‍ സ്ഥലത്തെ കൃഷിക്കും 1000 കണക്കിനു പേര്‍ക്കു കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തുന്ന ചെറുതുരുത്തി തടയണ നിര്‍മാണം ഈ മാസത്തിലും ചെങ്ങണാംകുന്ന് തടയണ നവംബറിലും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു യു.ആര്‍ പ്രദീപ് എം.എല്‍.എ അറിയിച്ചു. തൃശൂര്‍ അഡീഷ്ണല്‍ ഇറിഗേഷന്‍ വിഭാഗം മേല്‍നോട്ടം വഹിക്കുന്ന ചെറുതുരുത്തി തടയണയുടെ കോണ്‍ക്രീറ്റിങ്ങ് അടക്കമുള്ള സിവില്‍ പ്രവര്‍ത്തികള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും. മരത്തിന്റെ ഷട്ടറിനു പകരം ഫൈബര്‍ റി ഇന്‍ഫോഴ്‌സഡ് പ്ലാറ്റിക്ക് ഷട്ടറുകളാണു ഇവിടെ ഉപയോഗിക്കുന്നത്. ഇതര സംസ്ഥാനത്തു നിന്നു കൊണ്ടുവരുന്ന ഇവ അടുത്ത ആഴ്ച എത്തിചേരും. 14.63 കോടിരൂപയുടെ ഈ തടയണയ്ക്കു രണ്ടു മീറ്റര്‍ ഉയരം ഉണ്ടാകും. നാലു കി.മി ദൂരം നീളത്തില്‍ പുഴയില്‍ വെള്ളം കെട്ടി നിര്‍ത്താനാകും. ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍ എന്നീ പഞ്ചായത്തുകളിലെ ഭൂഗര്‍ഭ ജലം വലിയതോതില്‍ ഇതുമൂലം ഉയരും.
ചെങ്ങണാംകുന്ന് തടയണ നിര്‍മാണം ഊര്‍ജിതപ്പെടുത്തുന്നതിനായി എം.എല്‍.എമാരായ യു.ആര്‍ പ്രദീപും മുഹമ്മദ് മുഹ്‌സിനും സംയുക്തമായി പാലക്കാട് മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞമാസം 10 നു പട്ടാമ്പി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ യോഗം വിളിച്ചുചേര്‍ത്തു ചെങ്ങണാംകുന്ന് തടയണ നിര്‍മാണം പ്രവര്‍ത്തി ഊര്‍ജിതപ്പെടുത്തുന്നതിനു ഇറിഗേഷന്‍ എന്‍ജിനിയര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
33.5 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി പ്രകാരമാണു തടയണയുടെ പ്രവര്‍ത്തി പുരോഗമിക്കുന്നത്. 290 മീറ്റര്‍ നീളമാണു തടയണയ്ക്കു ഉണ്ടാകുക. മൂന്നു മീറ്റര്‍ ഉയരമുള്ള തടയണ ആറു കി.മി ദൂരം വെള്ളം പുഴയില്‍ കെട്ടിനിര്‍ത്താന്‍ സഹായിക്കും. ഓങ്ങല്ലൂര്‍, വല്ലപ്പുഴ, ദേശമംഗലം എന്നീ പഞ്ചായത്തിലും ഷൊര്‍ണൂര്‍ നഗരസഭയിലും ആയി 1400 ഹെക്ടര്‍ കൃഷി സ്ഥലത്തുള്ള കൃഷിക്കു ജലലഭ്യത ഇതിലൂടെ ഉറപ്പുവരും. ചെങ്ങണാംകുന്ന് തടയണയുടെയും ചെറുതുരുത്തി തടയണയുടെയും പണി പൂര്‍ത്തീകരണത്തോടെ ദേശമംഗലം, വള്ളത്തോള്‍ നഗര്‍, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെയും ത്രിതല പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികള്‍ക്കു മതിയായ തോതില്‍ ജലം ലഭിക്കും. അതോടൊപ്പം ഭൂഗര്‍ഭജലനിരപ്പും വലിയതോതില്‍ ഉയര്‍ന്നു കിണറുകളിലും കുളങ്ങളിലും ജലലഭ്യത ഉണ്ടാകും. ഭാരതപുഴയിലെ ചെങ്ങണാംകുന്ന്, ചെറുതുരുത്തി വാഴാലിപ്പാടം, കൂട്ടില്‍മുക്ക് തടയണകളിലെ ജലലഭ്യത കുടിവെള്ളത്തിനും കൃഷിക്കും ഗുണം ചെയ്യുകയും ചേലക്കര മണ്ഡലത്തെ ഹരിതാഭമാക്കി മാറ്റുമെന്നും യു.ആര്‍ പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."