ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ ഏഴു മില്ലുകളുടേയും പ്രവര്‍ത്തനം കാര്യക്ഷമമാക്കും: സി.ആര്‍ ശ്രീവത്സന്‍
കലവൂര്‍: കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ ഏഴു മില്ലുകളുടേയും പ്രവര്‍ത്തനം സര്‍ക്കാരിന്റെ സഹായത്തോടെ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ സി.ആര്‍ ശ്രീവത്സന്‍.
ചെയര്‍മാനായതിനുശേഷം കോമളപുരത്തെ സ്പിന്നിങ് മില്ലില്‍ ഇന്നലെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. കോമളപുരത്തെ സ്പിന്നിങ് മില്ലിലെ ഇപ്പോഴുളള പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കും. മില്ലുകളുടെ പുനരുദ്ധാരണങ്ങള്‍ക്ക് ബജറ്റില്‍ 10.36 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോമളപുരത്തെ സ്പിന്നിങ് മില്ലില്‍ ആറ് ടണ്‍ നൂല് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്.
കൂടാതെ 13500 മീറ്റര്‍ തുണിയും ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഇവിടെ ഇപ്പോള്‍ നൂലു മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. അതും പൂര്‍ണതോതിലല്ല. ഇവ പൂര്‍ണതോതിലാക്കാന്‍ കഴിഞ്ഞാല്‍ 376 പേര്‍ക്ക് തൊഴിലും നൂറുപേര്‍ക്ക് അല്ലാതെയും അവസരം നല്‍കാന്‍ കഴിയും. ഇപ്പോഴുള്ള കൂലി സംബന്ധമായ പ്രശ്‌നങ്ങളുള്‍പ്പടെ വൈകാതെ പരിഹരിക്കാന്‍ കഴിയുമെന്നും ഇതിന് തൊഴിലാളി യൂണിയനുകളുടേയും നാട്ടുകാരുടേയും സഹകരണമുണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനുശേഷം യൂണിയന്‍ നേതാക്കളുമായി സ്ഥാപനത്തിലെ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തി.
കൂലി വര്‍ധനയടക്കമുളള വിഷയങ്ങള്‍ മുഖ്യമന്ത്രി, വ്യവസായമന്ത്രി, ധനമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീവല്‍സനോടൊപ്പും മാനേജിങ് ഡയറക്ടര്‍ എം. ഗണേഷും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."