ടെന്‍ഡര്‍ നടപടികളില്‍ സുതാര്യതയില്ല; ലൈഫ് മിഷന്‍ വിവാദത്തില്‍
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് വീടും ഭൂമിയുമൊരുക്കാന്‍ സര്‍ക്കാര്‍ രൂപംകൊടുത്ത ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍. ടെന്‍ഡര്‍ നടപടികളില്‍ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ വകുപ്പ് സെക്രട്ടറി ബി. അശോകിനെ പാര്‍ലമെന്ററികാര്യ വകുപ്പിലേക്ക് മാറ്റി.
ലൈഫ് മിഷന്റെ പൈലറ്റ് പദ്ധതിയായി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ടെന്‍ഡര്‍ നടപടികളാണ് വിവാദമായത്. ഭവനമില്ലാത്തവര്‍ക്കായി 14 ജില്ലകളിലും അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കാന്‍ 75 കോടി വകയിരുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആറ് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉടന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, കാസര്‍കോട് ജില്ലയിലെ ചെമ്മനാട്, കൊല്ലം ജില്ലയിലെ പുനലൂര്‍, കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് അനുമതി നല്‍കിയത്.
ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ച് സര്‍ക്കാര്‍ ലിസ്റ്റിലുള്ള അക്രഡിറ്റഡ് ഏജന്‍സിക്ക് ടെന്‍ഡര്‍ നല്‍കണമെന്നാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍, മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണം പരസ്യ ടെന്‍ഡര്‍ വിളിക്കാതെ വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനിക്കുകയായിരുന്നു. 5.33 കോടി രൂപയാണ് പെരിന്തല്‍മണ്ണയിലെ പദ്ധതിക്കായി അനുവദിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ബി. അശോകിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയാല്‍ പിന്നീട് കോടതിയില്‍ ചോദ്യംചെയ്യപ്പെടാമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെയും ധനകാര്യ വകുപ്പിന്റെയും നടപടിക്രമങ്ങള്‍ അനുസരിച്ചല്ല ടെന്‍ഡര്‍ നടപടികള്‍ നടന്നിട്ടുള്ളതെന്നും എഴുതി ഫയല്‍ ചീഫ് സെക്രട്ടറിക്ക് തിരിച്ചയക്കുകയായിരുന്നു.
അതേസമയം, മറ്റു സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."