ഒടുവില്‍ അപകട ഭീഷണിക്കു പരിഹാരം
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗവ. വെല്‍ഫെയര്‍ യു.പി സ്‌കൂള്‍ വളപ്പിലെ ദുരന്തനിവാരണവകുപ്പിന്റെ അപകടാവസ്ഥയിലായ കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. വെള്ളപ്പൊക്കമുണ്ടായാല്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടി 1983ലാണ് ഈ കെട്ടിടം പണിതത്. എന്നാല്‍ കാലപ്പഴക്കത്താല്‍ കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു ഇത്.
ഏതാനും വര്‍ഷം മുമ്പുവരെ സ്‌കൂളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മൂന്നു ക്ലാസുകള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അപകടാവസ്ഥയിലായതിനെ തുടര്‍ന്നു ക്ലാസ്സുകള്‍ മാറ്റുകയും കുട്ടികളെ ഈ കെട്ടിടത്തിലേക്കു കടക്കുന്നതു തടയുകയും ചെയ്തു. കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ചെറുവത്തൂര്‍ വില്ലേജ് ഓഫിസര്‍ നിരവധി തവണ അധികൃതര്‍ക്ക് കത്തയച്ചിരുന്നു.
ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
പിന്നീട് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനമായത്. കെട്ടിടത്തിന്റെ അപകടാവസ്ഥ വിദ്യാലയത്തിലെ പ്രവേശനത്തെ വരെ ബാധിക്കുകയും ഇക്കാര്യം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."