അമീറിന് ഇനി വേണ്ടത് ജോലി, നല്കാന് തയാറായി സുമനസുകളും
കാഞ്ഞങ്ങാട്: ബംഗാള്‍ സ്വദേശി അമീറിനു ഭാര്യ ഹലീമയുമൊത്തു ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ഇനി വേണ്ടത് നല്ലൊരു ജോലി. ഇതു സംബന്ധിച്ച് അമീറിനെ കൊല്‍ക്കത്തയില്‍ പോയി കണ്ടെത്തിയ ഫിജോ ഹാരിഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ട സുമനസുകളായ പലരും നല്ല നിലയില്‍ പ്രതികരിക്കുകയും ചെയ്തു.
അമീറിന് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുല്‍ വാജിബ് ജോലി നല്‍കാമെന്നു എഫ്.ബിയിലൂടെ അറിയിച്ചിട്ടുണ്ട്. പതിനായിരം രൂപയും താമസിക്കാന്‍ ക്വാര്ട്ടേഴ്സുമാണു വാജിബ് അമീറിനു വാഗ്ദാനം ചെയ്തത്. കൊല്‍ക്കത്ത സ്വദേശി അമീറിന്റെയും ഭാര്യ ഹലീമയുടെയും ജീവിത കഥ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നിരുന്നു.
രണ്ടു വര്‍ഷം മുമ്പാണു കാഞ്ഞങ്ങാട്ടെ ലാബ് ടെക്നീഷ്യയായ ഹലീമയും കൊല്‍ക്കത്തയിലെ രാജര്ഹട്ടിനടുത്ത ഹത്തിയാര സ്വദേശിയും ഹോട്ടല്‍ തൊഴിലാളിയുമായിരുന്ന അമീറുല്‍ ഇസ്ലാമും തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ രണ്ടാം വാരത്തോടെ അമീറിനെ കാണാതാവുകയായിരുന്നു. ഗര്‍ഭിണിയായ ഹലീമ അമീറിനെ പലഭാഗത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താതെ വന്നതോടെ ആധിയിലായി.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകയായ ഫിജോയും ഇന്ദുജ പ്രകാശും ചേര്‍ന്നാണ് അമീറിനെ കൊല്‍ക്കത്തയില്‍ ട്രെയിന്‍ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. അമീറും ഹലീമയും സാമൂഹ്യ പ്രവര്‍ത്തകരും ഇന്നു ജില്ലയിലെത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."