ബ്രിട്ടന്റെ പിന്മാറ്റം: യൂറോപ്പിനെ സാമ്പത്തികമാന്ദ്യം പിടിമുറുക്കും
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറാന് തീരുമാനിച്ചുള്ള ബ്രിട്ടന്റെ ജനഹിത പരിശോധനാ ഫലം പുറത്തുവന്നതോടെ യൂറോപ്പ് സാമ്പത്തികമാന്ദ്യ ഭീതിയില്‍. ബ്രിട്ടന്റെ പിന്മാറ്റം യൂറോപ്പിനു പുറമേ ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായ ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ ജര്‍മനിക്കു പിന്നിലെ രണ്ടാമത്തെ ശക്തിയായിരുന്നു. യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിലേക്കു വീഴുകയാണെങ്കില്‍ ഇന്ത്യയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള വ്യാപാരബന്ധത്തെ തളര്‍ത്തുകയും ബ്രിട്ടനുമായുള്ള വ്യാപാര ബന്ധത്തെ ബാധിക്കുകയും ചെയ്യും.
ആറു ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള കഴിഞ്ഞ വര്‍ഷത്തെ വ്യാപാരബന്ധം. ഇതില്‍ അഞ്ചിലൊന്നും ബ്രിട്ടനുമായാണ് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യയിടെ വിദേശനാണ്യത്തിന്റെ ഏഴുശതമാനം ബ്രിട്ടീഷ് പൗണ്ടിലാണ്. കൂടെ 13 ശതമാനം യൂറോയിലുമാണ്. ബ്രിട്ടന്റെ പിന്മാറ്റം ഈ നാണ്യങ്ങളുടെ മൂല്യം കുറയാനും കാരണമാകും.
അതേസമയം ബ്രിട്ടന്റെ പിന്മാറ്റം അമേരിക്കന്‍ ഡോളറിന്റെ കരുത്തുകൂടാനും കാരണമാകും. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇതു തിരിച്ചടിയാകുന്നതോടെ അവിടെയും ഇന്ത്യയ്ക്ക് ഭാരം വരും. ബ്രിട്ടനില്‍ പിന്മാറ്റം മൂലം പുതിയ സാമ്പത്തിക ക്രമീകരണങ്ങള്‍ വരുന്നതോടെ അവിടത്തെ ഇന്ത്യന്‍ സംരംഭങ്ങളെയും ബാധിക്കും. പിന്മാറുന്നതിനുള്ള ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ വിവിധ കമ്പനികളുടെ ഓഹരിയിലുണ്ടായ കനത്ത ഇടിവ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹിതപരിശോധനാഫലം പുറത്തുവന്നതോടെ സ്വര്‍ണവിലയും കുതിച്ചുകയറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."