പ്ലാസ്റ്റിക് മാലിന്യം വഴിയോരത്ത് തള്ളിയും കത്തിച്ചും നഗ്നമായ നിയമലംഘനം
തിരൂര്‍: പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വഴിയോരത്ത് പതിവായി തള്ളിയും രാത്രി കാലങ്ങളില്‍ കത്തിച്ചും തിരൂരില്‍ നഗ്നമായ നിയമലംഘനം. നഗരത്തിന്റെ പല മേഖലകളിലും പ്രാദേശിക കേന്ദ്രങ്ങളിലും രാത്രികാലങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ പ്ലാസ്റ്റിക് കത്തിക്കുന്നത് പതിവാണ്. കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് ഇത്തരത്തില്‍ കത്തിക്കുന്നത്. വിവിധ തരത്തിലുള്ള കാന്‍സറിനും മറ്റ് ഗുരുതര രോഗങ്ങള്‍ക്കും പ്ലാസ്റ്റിക് കത്തിക്കുന്നത് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും ഗൗനിക്കാതെയാണ് മാലിന്യം തള്ളലും കത്തിക്കലും.
തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം, നഗരസഭാ കാര്യാലയത്തിന് മുന്നിലൂടെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകുന്ന റോഡ്, തൃക്കണ്ടിയൂരിന്റെ ചില മേഖലകള്‍, താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളിലെല്ലാം രാത്രികാലങ്ങളില്‍ പതിവായി പ്ലാസ്റ്റിക് മാലിന്യം കത്തിക്കാറുണ്ട്. കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്ള പുക റോഡിലും പരിസരത്തുമാകെ പരക്കുമ്പോള്‍ നിരവധി യാത്രക്കാരാണ് വിഷപ്പുക ശ്വസിക്കുന്നത്. തിരൂര്‍ താലൂക്ക് ഓഫിസിന് മുന്നിലൂടെ തിരൂര്‍ ഫയര്‍സ്റ്റേഷന്‍ പ്രദേശത്തേക്ക് പോകുന്ന റോഡരികിലാകെ മാലിന്യം വ്യാപകമായി തള്ളിയിട്ടുണ്ട്. ഇതില്‍ പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്. ഇവിടെ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തിക്കുന്നത് പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."