കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം: മുഖ്യമന്ത്രി ജയിംസിന്റെ സമരപ്പന്തല്‍ സന്ദര്‍ശിക്കണം: സമരസഹായ സമിതി
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂസമരം ആയിരം ദിവസം പൂര്‍ത്തീകരിക്കുകയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വയനാട് സാക്ഷ്യം വഹിക്കുകയും ചെയ്ത ഘട്ടത്തില്‍ വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജെയിംസിന്റെ സമരപന്തല്‍ സന്ദര്‍ശിക്കണമെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും സമര സഹായസമിതി ആവശ്യപ്പെട്ടു.
ജനകീയ സമരങ്ങള്‍ക്ക് ശേഷം വയനാട് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിയില്‍ വയനാട്ടിലെ ജനങ്ങളും ജെയിംസിന്റെ കുടുംബവും പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും മുന്‍കൈയെടുക്കണം.
ഈ കുടുംബത്തെ തെരുവിലിറക്കി സമരം ചെയ്യിപ്പിച്ചതും പിന്നീട് പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിലും രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പങ്ക് ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ഭൂമി വിട്ടു കൊടുക്കാന്‍ പോവുന്നു എന്ന് റവന്യൂ മന്ത്രി തന്റെ ചേദ്യത്തിന് മറുപടി നല്‍കിയെന്ന് പറഞ്ഞ് തെറ്റായ വാര്‍ത്ത നല്‍കി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച എം.എല്‍.എ മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
സമരത്തെ പുച്ഛിച്ചു തള്ളുന്ന സമീപനം ഇനിയും തുടര്‍ന്നാല്‍ വനംവകുപ്പ് മന്ത്രിയെ വയനാട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലന്നും യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ചെയര്‍മാന്‍ സുരേഷ് ബാബു അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി.പി ഷൈജല്‍, ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പ്രദീപ്കുമാര്‍, വി.എസ് ജോസഫ്, ബോസ് വട്ടമറ്റത്തില്‍, ഗഫൂര്‍ വേണ്ണിയോട്, ചാക്കോ കണിയാമ്പറ്റ, പി.ടി പ്രേമാനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."