സൈനികരെ നാം മറക്കുമ്പോള്‍
കിട്ടാനുള്ളതെല്ലാം കിട്ടുന്നില്ലെന്നു സൈനികര്‍ക്കു പുറമേ വിമുക്തഭടന്മാരും വിലപിക്കുന്നത് അധികാരകേന്ദ്രങ്ങള്‍ കേള്‍ക്കാതിരിക്കുന്നതു വലിയ വിപത്താണ്.
യുദ്ധകാലത്ത് ശത്രുക്കളായ പടയാളികള്‍ വെടിയേറ്റു വീഴുന്നതിറിയുമ്പോള്‍ നാം ആഹ്ലാദം കൊള്ളാറുണ്ട്. നമ്മുടെ വീരധീര യോദ്ധാക്കള്‍ക്കു സ്വന്തം ജീവന്‍ കൊടുക്കേണ്ടിവരുമ്പോഴാകട്ടെ സങ്കടത്തിനിടയിലും അഭിമാനപൂരിതമാകാറുണ്ട്. എന്നാല്‍, യുദ്ധമില്ലാത്തിടത്ത് സംഘട്ടനം നടക്കുന്നുവെന്നു വായിച്ചും കേട്ടും അറിയുമ്പോഴും വീരചരമം പ്രാപിച്ചവരുടെ പടങ്ങളും ജീവചരിത്രങ്ങളും മാധ്യമങ്ങളില്‍ കാണുമ്പോഴും ഹൃദയത്തില്‍ മറ്റൊരിക്കലുമില്ലാത്ത വേദനയാണ്.
അതിര്‍ത്തിയില്‍ ചൂടിലും തണുപ്പിലും രാപ്പകല്‍ ഭേദമന്യേ കാവല്‍ നില്‍ക്കുന്ന വീരജവാന്‍മാരെ ഒരു മര്യാദയുമില്ലാതെ കടന്നുവന്നു വെടിവച്ച് ഇരുളില്‍ മറയുന്ന കാപാലികന്മാരുടെ കഥകള്‍ കേള്‍ക്കാനും നാം വിധിക്കപ്പെട്ടിരിക്കുന്നു. അതിര്‍ത്തിയില്‍ പാക്ചാരപ്പടയാണു കണ്ണില്‍ചോരയില്ലാത്തവിധം നമ്മുടെ സഹോദരങ്ങള്‍ക്കുനേരേ നിറയൊഴിക്കുന്നതെങ്കില്‍ നക്‌സലൈറ്റുകളും മാവോവാദികളും ഭീകരരുമൊക്കെ ചേര്‍ന്നാണ് ഒറ്റയായും കൂട്ടായും കൊല്ലാക്കൊലകള്‍ നടത്തുന്നത്.
അങ്ങനെ വീരചരമം പ്രാപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ കേന്ദ്രത്തില്‍ വകുപ്പു മാറ്റം മാത്രം മതിയോ? സൈനികഭരണത്തില്‍ മേധാവിയെ മാത്രം ഇളക്കി പ്രതിഷ്ഠിക്കുന്നതുകൊണ്ടു പരിഹാരമാകുമോ? ധനമന്ത്രിക്കു പ്രതിരോധവകുപ്പിന്റെ അധികച്ചുമതല നല്‍കിയാല്‍ ഇല്ലാതാക്കാനാവുന്നതാണോ ഈ പ്രശ്‌നങ്ങളെല്ലാം?
ഒരു റാങ്കിന് ഒരു പെന്‍ഷനെന്ന ദീര്‍ഘകാലയാവശ്യം അനുവദിച്ചുനല്‍കിയെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്ന ശേഷവും വിരമിച്ച ജവാന്മാര്‍ക്കു കുടുംബസമേതം നിരാഹാരമിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടോ? 1962 ലേതടക്കം പല യുദ്ധങ്ങളിലും മുന്നണിപ്പടയാളികളായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഗൂര്‍ഖാപട്ടാളക്കാര്‍ തന്നെയുണ്ടത്രേ ഒന്നേക്കാല്‍ ലക്ഷം. വിരമിച്ച ശേഷം നാമമാത്ര പെന്‍ഷന്‍ വാങ്ങി നാട്ടിലെ ബാങ്കുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും കാവല്‍നിന്നു ലഭിക്കുന്ന ചില്ലിക്കാശുകൊണ്ടു കുടുംബം പോറ്റേണ്ടവരാണ് കുറേ പേര്‍. വേറെ കുറേപേര്‍ വിമുക്തഭടനെന്ന വിലാസത്തില്‍ ജോലിയന്വേഷിച്ച് അലഞ്ഞിട്ടും ഒന്നും കിട്ടാതെ നിത്യരോഗികളായി കിഴയുന്നവരും.
ഇന്ത്യയുടെ പ്രഗല്ഭ സൈന്യാധിപനായിരുന്ന ജനറല്‍ കെ.എം കരിയപ്പയെ (1899-1933) ഓര്‍ക്കുന്നു. പാകിസ്താന്‍ ആക്രമണങ്ങളില്‍നിന്നു കശ്മീരിനെ രക്ഷിച്ചുനിര്‍ത്തിയ അന്നത്തെ ലെഫ്റ്റനന്റ് ജനറല്‍. അദ്ദേഹത്തെ പില്‍ക്കാലത്തു രാഷ്ട്രം കരസേനാ മേധാവിയും ഫീല്‍ഡ്മാര്‍ഷലുമാക്കി ഉയര്‍ത്തി. എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കരസേനാധിപനായി തെന്നിന്ത്യക്കാരനായ, കര്‍ണാടകക്കാരനായ, കുടക് സ്വദേശിയായ കെ.എം കരിയപ്പയെ നിയമിക്കാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ തന്നെ ഇന്ത്യന്‍സേനയില്‍ ഉത്തരേന്ത്യന്‍ അധീശത്വം അവസാനിക്കുമെന്നു പറഞ്ഞുനടന്ന കുറേപേര്‍ നാട്ടിലുണ്ടായിരുന്നു.
ഇന്ത്യന്‍ മനസിനെ അങ്ങനെ വിഭജിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാകട്ടെ ആര്‍.എസ്.എസിന്റെ തലപ്പത്തിരുന്ന ചിലരും. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ ലോകം ആദരിക്കുന്ന മതേതര പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ അതു നടന്നില്ലെന്നതു ഭാഗ്യം. എന്നാല്‍, ഇന്നു കേന്ദ്രത്തില്‍ പ്രതിരോധമന്ത്രാലയത്തില്‍ സഹമന്ത്രിസ്ഥാനത്തു നരേന്ദ്രമോദി കുടിയിരുത്തിയ ആള്‍പോലും കരസേനാമേധാവിയായി സര്‍വീസിലിരിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ കോടതിയില്‍പോയ മാന്യനാണെന്നതു മറന്നുകൂടാ. മെയ് 2012 വരെ സര്‍വീസിലിരുന്ന മേജര്‍ വി.കെ സിങ് കോടതി കയറിയതുതന്നെ കാലാവധി നീട്ടിക്കിട്ടാന്‍ വേണ്ടി ജന ന തിയ്യതിയുടെ പേരിലായിരുന്നു.
ആ ജനറല്‍(റിട്ട) വി.കെ സിങ് സഹമന്ത്രിയും ബി.ജെ.പി നേതാവായ മനോഹര്‍ പരീക്കര്‍ കാബിനറ്റ് മന്ത്രിയുമായ മോദി സര്‍ക്കാരാണ് സീനിയോറിറ്റി പട്ടികയില്‍ മൂന്നാമന്‍ മാത്രമായ ജനറല്‍ ബിപിന്‍ റാവത്തിനെ ഈ വര്‍ഷമാദ്യം ഇന്ത്യയുടെ പുതിയ കരസേനാധിപനായി നിയമിച്ചതെന്നോര്‍ക്കണം. സീനിയോറിറ്റി മറികടക്കാനുള്ള സര്‍ക്കാരിന്റെ അവകാശവാദത്തെ ആരും ചോദ്യം ചെയ്യില്ല. പത്തേക്കാല്‍ കോടിവരുന്ന സൈനികരുടെ മേധാവിയായി മൂന്നുവര്‍ഷം നീണ്ട കാലാവധിയുള്ള ഈ ഉത്തരാഖണ്ഡ് സ്വദേശിയെ നിയമിക്കുന്നതിലും സാങ്കേതികമായി ഒരു തെറ്റുമില്ലതാനും.
എന്നാല്‍, ദക്ഷിണമേഖലാ സൈനികമേധാവിയായ കോഴിക്കോട്ടുകാരന്‍ ലഫ്. ജനറല്‍ പി.എം ഹാരിസ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കു ജീവിതത്തില്‍ ആദ്യമായി ലഭിക്കേണ്ടുന്ന ഒരുന്നത പദവി എന്നന്നേക്കുമായി നിഷേധിക്കപ്പെട്ടതു മറന്നുകൂടാ. അതേസമയം, കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ ഇന്ത്യന്‍ വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫിസറായി നിയമിച്ചതും ഓര്‍ക്കണം.
ഇരുട്ടിന്റെ മറവില്‍ ഇന്ത്യന്‍ പോക്കറ്റുകള്‍ ആക്രമിച്ച് ഉറിയില്‍ കൂട്ടക്കൊല നടത്തിയ പാകിസ്താന്‍ സൈനികര്‍ക്കു മിന്നലാക്രമണത്തിലൂടെ ചുട്ട മറുപടി നല്‍കാന്‍ നമുക്കു കഴിഞ്ഞ അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. അതേസമയം, ക്രമസമാധാനം നിലനിര്‍ത്താനെന്ന പേരില്‍ ജമ്മു-കശ്മിരില്‍ വിന്യസിക്കപ്പെട്ട നമ്മുടെ സൈനികര്‍ നിരായുധരായ നാട്ടുകാര്‍ക്കെതിരേ നിറയൊഴിക്കുന്നതും കാണാതിരുന്നുകൂടാ. പാകിസ്താനിലും ജനറല്‍ ഖമര്‍ ബജ്‌വ എന്ന പുതിയ സൈനികമേധാവി അധികാരമേറിയിട്ടും നുഴഞ്ഞുകയറ്റക്കാര്‍ക്ക് അപ്പുറത്തുനിന്നു പ്രോത്സാഹനം ലഭിക്കുകയാണ്. അവരുടെ പിന്തുണയോടെ നാട്ടുകാര്‍തന്നെ നമ്മുടെ സൈനികര്‍ക്കെതിരേ നീങ്ങുകയും ചെയ്യുന്നു.
കശ്മിരില്‍ തൊണ്ണൂറോളം സൈനികര്‍ ഇക്കഴിഞ്ഞ വര്‍ഷം കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനില്‍ പുതിയ സൈനികമേധാവി അധികാരമേറ്റതിന്റെ പിറ്റേന്നു നഗ്‌രോത്രയില്‍ നമുക്ക് ഒരൊറ്റ ദിവസം ഏഴു ജവാന്‍മാരെയാണു നഷ്ടപ്പെട്ടത്. വീട്ടിലുള്ള ലൊട്ടുലൊടുക്കു സാധനങ്ങള്‍ വാരിയെടുത്തു റസിഡന്‍ഷ്യല്‍ ഏരിയയിലേക്കുള്ള വഴി ജവാന്മാരുടെ ഭാര്യമാര്‍ അടച്ചില്ലായിരുന്നുവെങ്കില്‍ നുഴഞ്ഞുകയറ്റക്കാര്‍ കൂടുതല്‍ നാശം വരുത്തുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടയിലാണ് ഇന്ത്യയുടെ 125 കോടി ജനങ്ങളെ സംരക്ഷിക്കാന്‍ ജീവന്‍ മറന്ന് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്കു തങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പോലും ഒരാളുമില്ലെന്നു വിലപിക്കേണ്ടിവരുന്നത്. മികച്ച സേവനത്തിനു നല്‍കുന്ന ധീരതാമെഡലുകള്‍പോലും അഞ്ചെട്ടുവര്‍ഷങ്ങളായി ഡല്‍ഹിയിലെ ഗോപിനാഥ് ബസാറില്‍നിന്നു കിട്ടുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ വാങ്ങി നല്‍കുകയാണത്രേ.
ലാന്‍സ് നായ്ക്ക് പ്രതാപ് സിങ്, നായ്ക്ക് രാം ഭഗത്, ജവാന്‍ തേജ് ബഹദൂര്‍ യാദവ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ അതു ലോകത്തോടു വിളിച്ചുപറഞ്ഞു. മേലുദ്യോഗസ്ഥര്‍ക്കു നീങ്ങാന്‍ വാഹനങ്ങള്‍ നല്‍കുമ്പോള്‍ തങ്ങള്‍ക്ക് എല്ലാം തലച്ചുമടായി കൊണ്ടുപോകേണ്ടിവരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നക്ഷത്രഹോട്ടലുകളില്‍ കയറിയിറങ്ങുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്നത് അച്ചാര്‍ തൊട്ടുവച്ച റൊട്ടിക്കഷണങ്ങളാണെന്നും ഫേസ്ബുക്കില്‍ വരികയുണ്ടായി. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള ഇത്തരം സന്ദേശക്കൈമാറ്റങ്ങള്‍ക്കെതിരേ സൈനികമേധാവികള്‍ ശക്തമായി രംഗത്തുവന്നെങ്കിലും ഇത്തരം ആരോപണങ്ങള്‍ നിര്‍ബാധം തുടരുകയായിരുന്നു.
സൈന്യമാകട്ടെ പെല്ലറ്റുകള്‍ വര്‍ഷിച്ചു സ്വന്തം നാട്ടുകാരുടെ കണ്ണുപൊട്ടിച്ച് അമര്‍ഷം തീര്‍ക്കുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ യുവാക്കളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ കോളജ് അധ്യാപകനായ ശബീര്‍ അഹമ്മദ് മോംഗ കൊല്ലപ്പെട്ടതില്‍ സൈന്യത്തിനു ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. അതേസമയം, സൈനികജീവിതത്തിലെ ദുരിതം വെളിപ്പെടുത്തിയ മലയാളി ജവാന്‍ മഹാരാഷ്ട്രയിലെ സൈനിക ക്യാംപില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നിടത്തോളം സംഗതികള്‍ എത്തി. കൊല്ലം ജില്ലയില്‍ പവിത്രേശ്വരം കാരുവേലില്‍ റോയി മാത്യു എന്ന മുപ്പത്തിമൂന്നുകാരനായിരുന്നു ഹതവിധി.
കാല്‍ലക്ഷം ജനസംഖ്യയുള്ള ഗാഹ്മാര്‍ എന്ന ഉത്തര്‍പ്രദേശ് ഗ്രാമം തങ്ങളില്‍ 15,000 പേര്‍ സൈനികരാണെന്ന് അഭിമാനത്തോടെ പറയുമ്പോള്‍ സൈനികരംഗത്തെ ചുറ്റിപ്പറ്റി ഉയരുന്ന പുതിയ ആരോപണങ്ങള്‍ അവരെപ്പോലുള്ളവരെ നിരുത്സാഹപ്പെടുത്തില്ലേയെന്നതാണു ദേശത്തിന്റെ ദുഃഖം.
കാരണം, അവര്‍ പരിശീലനത്തിന് ഓടിനടക്കുന്ന ഗംഗാതീരത്തെ അബ്ദുല്‍ ഹമീദ് പാലം 1965ല്‍ പാകിസ്താനുമായുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ച, പരമവീരചക്ര ബഹുമതി നേടിയ ജവാന്‍ അബ്ദുല്‍ ഹമീദിന്റെ പേരിലുള്ളതത്രേ. അങ്ങനെ ഒരു വീരമരണം കശ്മീരിലെ ബ്രിഗേഡിയര്‍ ഉസ്മാന്റെ വീരമൃത്യുവിനുശേഷം ആദ്യത്തേതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."