ദ്യുതി ചന്ദ്; കരളുറപ്പുള്ള പെണ്ണ് റിയോയിലേക്ക്
ലോക കായിക കോടതിയുടെ താല്‍ക്കാലിക വിധി വെറുതെയായില്ല. ചങ്കുറപ്പുള്ള പെണ്ണ് റിയോയിലേക്ക് കുതിച്ചു. ഒറ്റപ്പെടുത്തലിന്റെയും അവഗണനകളുടെയും ട്രാക്കില്‍ നിന്നുമാണ് ഇന്ത്യയുടെ അതിവേഗക്കാരി ദ്യുതി ചന്ദ് റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഗോപാല്‍പൂര്‍ ഗ്രാമത്തിലെ ചക്രധാര്‍ ചന്ദിന്റെയും അകോജി ചന്ദിന്റെയും മകളാണ് ദ്യുതി. ട്രാക്കുകളില്‍ മിന്നലായി പറന്നു നടന്ന പെണ്ണിനെ ചിലര്‍ ആണാക്കി. അവളുടെ നേട്ടങ്ങളില്‍ അസൂയപ്പൂണ്ടവര്‍ പരാതികളുടെ കെട്ടഴിച്ച് അവളെ ട്രാക്കിന് പുറത്താക്കി.
ഏറെ നാള്‍ ദ്യുതി ചന്ദ് എന്ന ഇന്ത്യയുടെ അതിവേഗക്കാരി ട്രാക്കിന് പുറത്ത് കാഴ്ചക്കാരിയാവേണ്ടി വന്നു. എന്നാല്‍, പോരാട്ടങ്ങളിലൂടെ അവള്‍ തിരിച്ചെത്തി. ഒടുവില്‍ റിയോയിലേക്ക് 100 മീറ്ററില്‍ യോഗ്യതയും നേടിയിരിക്കുന്നു. ഒഡീഷയിലെ ബ്രാഹ്മിണി നദിയുടെ തീരത്തായിരുന്നു ദ്യുതി ഓടിശീലിച്ചത്. സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരമായി. ചെറുപ്രായത്തില്‍ തന്നെ അവള്‍ രാജ്യാന്തര താരമായി വളര്‍ന്നു.
അഞ്ചു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ താങ്ങും തണലുമാകാനാണ് ദ്യുതി ചേച്ചി സരസ്വതിയുടെ വഴിയിലൂടെ കായിക രംഗത്തേക്ക് എത്തിയത്. നെയ്ത്തുക്കാരായ അച്ഛന്റെയും അമ്മയുടെയും വരുമാനത്തില്‍ മാത്രം ജീവിതം മുന്നോട്ടു തള്ളി നീക്കിയ കുടുംബം. മിന്നലോട്ടക്കാരിയോട് നാട്ടുകാര്‍ ആദ്യം ചോദിച്ചത് ഇങ്ങനെ ഓടിനടന്നാല്‍ നിന്നെ കെട്ടാന്‍ ആരു വരും പെണ്ണെ എന്നായിരുന്നു.
പിന്നീടവര്‍ ചോദിച്ചു നീ ആണല്ലെയെന്ന്. അവഹേളനങ്ങള്‍ ഏറെ നേരിടേണ്ടി വന്നു ദ്യുതിക്കും കുടുംബത്തിനും. ജന്മനാട് തന്നെ ഉപേക്ഷിച്ച് പാലായനം ചെയ്യാന്‍ ഒരിക്കല്‍ ദ്യുതിയും കുടുംബവും ആലോചിച്ചു. എന്നാല്‍, ദ്യുതിയുടെ ചേച്ചി കായിക താരമായ സരസ്വതി നല്‍കിയ കരുത്തിലായിരുന്നു നാട്ടില്‍ തന്നെ നില്‍ക്കാന്‍ ചക്രധാറും കുടുംബവും തീരുമാനിച്ചത്. നൊന്തുപെറ്റ മകളെ ഒരുനാള്‍ നാടൊന്നാകെ ആണെന്ന് വിളിച്ചപ്പോള്‍ അകോജി സങ്കടം താങ്ങാനാവാതെ തളര്‍ന്നു പോയി. കൈയടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ തന്നെ കൈചൂണ്ടി ആരോപണ ശരങ്ങള്‍ തൊടുത്തു ദ്യുതിയെ ആണെന്ന് വിളിച്ചു അപമാനിച്ചു ഒറ്റപ്പെടുത്തി. എന്നിട്ടും തളരാതെ ദ്യുതി ട്രാക്കിലേക്ക് തിരിച്ചെത്തി.
കേരളം ആതിഥ്യമേകിയ ദേശീയ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ ഇരട്ടസ്വര്‍ണവുമായാണ് അപമാനിച്ചവര്‍ക്ക് അവള്‍ ആദ്യം ചുട്ട മറുപടി നല്‍കിയത്. സ്വിറ്റ്‌സര്‍ലന്റിലെ ലോകകായിക കോടതിയില്‍ നിന്ന് കിട്ടിയ താല്‍ക്കാലിക നീതിയിലാണ് ഇന്ന് ദ്യുതി ട്രാക്കില്‍ പറക്കുന്നത്. ദ്യുതിയിവള്‍ പെണ്ണല്ല ആണെന്ന് ആരോപണം ഉയര്‍ന്ന ആദ്യ നാളുകള്‍. കായിക മേധാവികള്‍ പോലും സഹായിക്കാന്‍ മടിച്ചു പിന്തിരിഞ്ഞു നടന്നു. എങ്കിലും, ലോകകായിക കോടതിയില്‍ പോകാന്‍ പിന്നീടവര്‍ സഹായിച്ചു.
രണ്ടു വര്‍ഷത്തേക്കാണ് മത്സരിക്കാന്‍ ദ്യുതിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. അനുമതിയുടെ ദിനങ്ങള്‍ കൊഴിഞ്ഞു വീഴുകയാണ്. അപവാദങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ആ അപവാദങ്ങളുടെയും ഒറ്റപ്പെടുത്തലുകള്‍ക്കുമാണ് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. കസാക്കിസ്താനില്‍ നടക്കുന്ന 26 ാമത് ജി. കൊസനോവ് രാജ്യാന്തര മീറ്റിലാണ് ദ്യുതി ചന്ദ് വനിതകളുടെ 100 മീറ്റര്‍ വേഗപ്പോരില്‍ ഒളിംപിക് യോഗ്യത നേടിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."