പരോള്‍ നാളുകളില്‍ സ്‌നേഹചിത്രമൊരുക്കി ഇരിങ്ങാലക്കുട സ്വദേശി ഷാ തച്ചില്ലം
ഇരിങ്ങാലക്കുട: അനുഭവങ്ങളുടെ അഭ്രപാളികളില്‍ പരിമിതമായ പരോള്‍ ദിനങ്ങളുപയോഗിച്ച് മൈനാകം എന്ന ഹ്രസ്വ ചിത്രമെടുത്ത് ഷാ തച്ചില്ലം. കാസര്‍കോട് ചീമേനിയിലെ തുറന്ന ജയിലിലെ അന്തേവാസിയാണ് ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി ഷാ തച്ചില്ലം.
ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ് തടവുപുള്ളി ജയില്‍വാസത്തിനിടയില്‍ ഇതുപോലൊരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ഇതിനുമുന്‍പ് ജയിലിലിരുന്നുതന്നെ ഒരു കവിതാസമാഹാരവും ഷാ പ്രസിദ്ധീകരിച്ചിരുന്നു.
തടവറയിലെ ധ്യാനിമിഷങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മം മാധ്യമശ്രദ്ധ നേടിയിരുന്നു. ജയിലില്‍ നടന്ന പ്രകാശനകര്‍മത്തില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പില്‍, സാഹിത്യകാരന്മാരായ അംബികാസുധന്‍ മാങ്ങാട്, പി.എന്‍ ഗോപീകൃഷ്ണന്‍, നാടകകൃത്ത് വാസു ചേറോട് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ജയില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി തടവുപുള്ളികള്‍ക്കായി സര്‍ഗാത്മകതയിലൂടെ മാനസാന്തരം എന്ന ലക്ഷ്യത്തോടെ 15 ദിവസം നീണ്ടുനിന്ന ഡോക്യുമെന്ററി ആന്റ് ഫിലിം മേക്കിംഗ് കോഴ്‌സ് നടന്നിരുന്നു.അതില്‍ ഷായും പങ്കെടുത്തിരുന്നു. പ്രശസ്ത ആര്‍ട്ട് ഫിലിം മേക്കറും സാങ്കേതിക വിദഗ്ദനുമായ ചിദംബര പളനിയപ്പന്റെ ശിക്ഷണത്തിലായിരുന്നു കോഴ്‌സ്. 21 തടവുപുള്ളികള്‍ കോഴ്‌സില്‍ പങ്കെടുത്തിരുന്നു. കോഴ്‌സിന്റെ ഭാഗമായി ചിദംബര പളനിയപ്പന്റെ മേല്‍നോട്ടത്തില്‍ തടവുകാര്‍ എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ചീമേനി തുറന്ന ജയിലിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും എ.ബി.സി.ഡി എന്ന ഒരു ഷോര്‍ട്ട് ഫിലിമും നിര്‍മിച്ചിരുന്നു. അതില്‍ ഷായും അഭിനയിച്ചിരുന്നു.
അതിന്റെ പ്രകാശനകര്‍മം നടക്കാനിരിക്കുന്നതെയുള്ളു. അതിനിടയിലാണു ഷായ്ക്ക് 20 ദിവസത്തെ പരോള്‍ ലഭിച്ചത്. കോഴ്‌സിന്റെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ ഷാ തന്റെ മനസിലുള്ള കഥകളും ആശയങ്ങളും നാട്ടിലെ കൂട്ടുകാരോടു പങ്കുവെച്ചു. ഷായുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സുഹൃത്തുക്കളും നാട്ടുകാരും ഷായെ സഹായിക്കുകയായിരുന്നു.
അന്തരാഷ്ട്ര പുരസ്‌കാര ജേതാവും നടനുമായ ഇരിങ്ങാലക്കുടക്കാരനായ രാജേഷ് നാണുവിനോടു ആശയം പങ്കുവെച്ചു. പരിമിതമായ പരോള്‍ ദിനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഥയും തിരക്കഥയും തയാറാക്കി ചിത്രീകരണം നടത്തുകയും ചെയ്തു.
കരുണാഭാവം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ജീര്‍ണതയിലേക്കു വിരല്‍ചൂണ്ടുന്ന ശക്തമായ പ്രമേയമാണു 'മനസിന്റെ അകം എന്ന മൈനാകം' എന്ന ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നതെന്നു ഷാ പറഞ്ഞു. ഷായുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് സഹായിച്ച സുഹൃത്തുക്കളെയും നാട്ടുകാരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഷാ വീണ്ടും ചീമേനിയിലേക്കു യാത്രയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."