വിശ്വജിത്ത് റാണെ രാജിവച്ചു ഗോവ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പനാജി: ഗോവ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരത്തിലേറാന്‍ കഴിയാതിരുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണം കോണ്‍ഗ്രസിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. പരീക്കര്‍ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച വിശ്വജിത്ത് റാണെയുടെ നടപടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുവെന്നുമാത്രമല്ല അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഗോവയില്‍ ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വാസത്തെ പാര്‍ട്ടി അവഗണിക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തെന്നാരോപിച്ചാണ് എം.എല്‍.എ വിശ്വജിത്ത് റാണെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോന്ന് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ശേഷമാണ് റാണെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
നേരത്തെ മനോഹര്‍ പരീക്കറുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് റാണെയെ ശാസിച്ചിരുന്നു. കൃത്യസമയത്ത് ഇടപെടാന്‍ നേതൃത്വം അലംഭാവം കാണിച്ചതാണ് ഗോവയില്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോയതിന് പിന്നിലെന്നായിരുന്നു റാണെയുടെ വിമര്‍ശം.കോണ്‍ഗ്രസ് ഗോവയിലെ ജനവിശ്വാസത്തെ വഞ്ചിച്ചു, ഇനി പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു,ഗോവയിലെ ജനങ്ങള്‍ നല്കിയ അധികാരപത്രം ഇല്ലാതാക്കിയതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം രാജി വിവരം അറിയിച്ചുകൊണ്ട് പ്രസ്താവിച്ചു. തന്റെ രാജിക്കത്ത് പ്രോടേം സ്പീക്കര്‍ സിദ്ധാര്‍ഥ് കുകലിയേങ്കര്ക്ക് നല്കിയ ശേഷമാണ് പാര്‍ട്ടിക്കും രാജിക്കത്ത് കൈമാറിയത്. റാണെയുടെ രാജി സംബന്ധിച്ച് കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല.അദ്ദേഹം രാജിവച്ച് പുതിയതായി ജനവിധി തേടുന്നത് ബി.ജെ.പി ടിക്കറ്റിലായിരിക്കുമെന്ന് അഭ്യൂഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."