കയ്യൂര്‍-ചീമേനിയില്‍ കര്‍മ പദ്ധതി വിജയത്തിലേക്ക്: പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നു
ചെറുവത്തൂര്‍: പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനായി കയ്യൂര്‍-ചീമേനി പഞ്ചായത്ത് ആവിഷ്‌കരിച്ച കര്‍മ പദ്ധതി വിജയത്തിലേക്ക്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് നിരവധി വിദ്യാര്‍ഥികളാണ് ഇതിനകം പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നത്.
പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ഒരുമാസം മുന്‍പാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി ആരംഭിച്ചത്. വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്‌പെഷല്‍ ഗ്രാമസഭകള്‍ ഉള്‍പ്പെടെ ചേരുകയും ചെയ്തു. പദ്ധതിയുടെ പ്രവര്‍ത്തന ഫലമായി നൂറോളം കുട്ടികള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊതാവൂര്‍ എ.യു.പി സ്‌കൂള്‍, നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍, ആലന്തട്ട എ.യു.പി സ്‌കൂള്‍, ഗവ. യു.പി സ്‌കൂള്‍ മുഴക്കോം എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ ഗ്രാമസഭകളില്‍വച്ച് തന്നെ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ പ്രവേശന രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് മാത്രം നിലവില്‍ 20 വിദ്യാര്‍ഥികളാണ് അണ്‍എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് മാറി എത്തിയത്.
പഞ്ചായത്ത് വികസന സമിതിയുടെ തീരുമാനപ്രകാരം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ 16 വാര്‍ഡുകളിലും ഏകദിന സര്‍വേയിലൂടെ വിവരശേഖരണം നടത്തിയാണ് കാംപയിനിന് തുടക്കംകുറിച്ചത്. ഈ മാസം അവസാനത്തോടെ പഞ്ചായത്തില്‍ വിദ്യാഭ്യാസ ജനസഭ ചേര്‍ന്ന് കുട്ടികളുടെ പ്രവേശന പ്രഖ്യാപനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള ചെയര്‍പേഴ്‌സനും കെ.എം അനില്‍കുമാര്‍ കണ്‍വീനറുമായ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ രണ്ടാഴ്ചയിലധികം ഇനിയുമുണ്ട്. ഇതിനിടയില്‍ കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."