ഗുല്‍ബര്‍ഗ് റാഗിങ്: പ്രതികള്‍ റിമാന്‍ഡില്‍
കോഴിക്കോട്: ഗുല്‍ബര്‍ഗിലെ അല്‍ഖമാര്‍ നഴ്‌സിങ് കോളജില്‍ ദലിത് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതി (19) റാഗിങ്ങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു സീനിയര്‍ വിദ്യാര്‍ഥിനികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് കല്‍ബുര്‍ഗി സെഷന്‍സ് കോടതി മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. ഇതില്‍ ആതിര, ലക്ഷ്മി എന്നിവരെ കല്‍ബുര്‍ഗി സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. മൂന്നാംപ്രതി കൃഷ്ണപ്രിയയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാംപ്രതി ശില്‍പ ജോസ് ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
റിമാന്‍ഡ് ചെയ്തതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നാം പ്രതി കൃഷ്ണപ്രിയയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രതികളെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തത്. റാഗിങിന് ഇരയായ അശ്വതിയുടെ സുഹൃത്തിന്റെ പരാതിയിലാണു പൊലിസ് കേസെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് വിദ്യാര്‍ഥിനികളെ സമന്‍സയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്തത്.
അതേസമയം, കര്‍ണാടകയില്‍നിന്നെത്തിയ പൊലിസ് സംഘം ഇന്നലെയും അശ്വതിയുടെ മൊഴിയെടുത്തില്ല. ഡിവൈ.എസ്.പി ജാന്‍വി കോഴിക്കോട്ട് എത്താത്തതിനെ തുടര്‍ന്നാണ് മൊഴിയെടുക്കല്‍ മാറ്റിയത്. ഇദ്ദേഹം നാളെ കോഴിക്കോട്ടെത്തിയേക്കും. കര്‍ണാടക പോലിസിന്റെ അന്വേഷണ സംഘത്തിലെ മറ്റംഗങ്ങള്‍ വെള്ളിയാഴ്ചതന്നെ എത്തിയിരുന്നു.
ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കാനായി അശ്വതിയെ ഇന്നലെ എന്‍ഡോസ്‌കോപ്പിക്കു വിധേയമാക്കിയിരുന്നെങ്കിലും പൂര്‍ണായും വിജയിച്ചില്ല. റാഗിങ് കേസിനു പുറമേ, വിദ്യാര്‍ഥികള്‍ക്കു മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനു കര്‍ണാടക കോളജ് അധികൃതര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."