കച്ചവടത്തിലെ വിരോധം: അടയ്ക്കാപുരക്ക് തീയിട്ടയാള്‍ അറസ്റ്റില്‍; ഒന്‍പതംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
കൊണ്ടോട്ടി: കച്ചവടത്തിലെ വിരോധം തീര്‍ക്കാന്‍ വീടിനോട് ചേര്‍ന്നുള്ള അടയ്ക്കാപുരക്ക് തീയിട്ടയാള്‍ അറസ്റ്റിലായി.
ചെറുവായൂര്‍ മൂലയില്‍ അലി (58)യെ യാണ് വാഴക്കാട് എസ്.ഐ. വിജയരാജന്‍ അറസ്റ്റു ചെയ്തത്.
ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനോട് ചേര്‍ന്ന അടയ്ക്കാപുരക്ക് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിച്ചത്. പുക വീടിനുള്ളിലേക്ക് വന്നതോടെ കുഞ്ഞുങ്ങളടക്കം വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അടയ്ക്കാ കച്ചവടക്കാരനായ അബൂബക്കറിന്റെ സഹോദരന്റെ കുട്ടികളടക്കം ഒന്‍പത് പേരാണ് വീട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്.തുടര്‍ന്ന് വാഴക്കാട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസിന്റെ അന്വേഷണത്തിലാണ് സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി. കാമറയില്‍ അലി തീകൊളുത്തുന്ന ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് അലിയെ പൊലിസ് പിടികൂടുകയായിരുന്നു.
താന്‍ നേരത്തെ പാട്ടത്തിനെടുത്ത കവുങ്ങ് തോട്ടങ്ങള്‍ അബൂബക്കര്‍ പാട്ടത്തിനെടുക്കുന്നതിലുള്ള വിരോധമാണ് തീകൊടുത്തതിന് കാരണമെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."