പെട്രോള്‍ പമ്പ് പ്രവര്‍ത്തനരഹിതമായിട്ട് ആറ് മാസം; പ്രതിഷേധം വ്യാപകം
മാള: കുഴൂര്‍ ബാങ്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ പമ്പ് പ്രവര്‍ത്തനരഹിതമായിട്ടു ആറുമാസത്തിലേറെയായിട്ടും തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പമ്പിനെ നിത്യേന ആശ്രയിച്ചിരുന്നതു നൂറുകണക്കിനു വാഹന യാത്രികരാണ്.
മാള എരവത്തൂര്‍ ആലുവ റൂട്ടിലെ ഏക പെട്രോള്‍ പമ്പാണിത്. കുഴൂരിനു പുറമേ പാറപ്പുറം, തുമ്പരശ്ശേരി, കാക്കുളിശ്ശേരി, ഐരാണിക്കുളം, കുണ്ടൂര്‍, കൊളത്തേരി, ആലമറ്റം, തിരുത്ത, എരവത്തൂര്‍, കൊച്ചുകടവ്, മേലാംതുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങളിലുള്ള വാഹനങ്ങള്‍ക്കു ഉപകാരപ്രദമായ പമ്പാണിത്. കൂടാതെ ഈ റൂട്ടിലോടുന്ന ഏതാനും സ്വകാര്യ ബസ്സുകളും ഡീസല്‍ അടിച്ചിരുന്നതു ഈ പമ്പില്‍ നിന്നാണ്.
ഈ പമ്പിനു തൊട്ടടുത്തുള്ളവര്‍ക്കു പോലും ഇന്ധനമടിക്കാന്‍ വലിയപറമ്പിലോ ചൂണ്ടാന്‍തുരുത്തിലോ എത്തണം. ഒരു സ്ത്രീയുടെ പേരിലുള്ള പമ്പു പ്രവര്‍ത്തിപ്പിച്ചിരുന്നതു കുഴൂരിലെ ഒരു വ്യക്തിയാണ്. ലൈസന്‍സിയായ സ്ത്രീ അമേരിക്കയിലാണ്. ലൈസന്‍സിയുടെ വിരലടയാളം പതിക്കണമെന്നതു കമ്പനി നിര്‍ബ്ബന്ധമാക്കിയതോടെയാണു പമ്പിനു പൂട്ടു വീണത്. അതിനു ശേഷം പമ്പു ഉടനെ തുറക്കുമെന്ന വാഗ്ദാനം പലയാവര്‍ത്തിയുണ്ടായി. എന്നാല്‍ യാതൊരു നീക്കവും ഇതിനായുണ്ടായിട്ടില്ല. പമ്പ് പ്രവര്‍ത്തിച്ച സമയത്തും കൃത്യമായ ഇന്ധന വിതരണം ഇവിടെ നിന്നുണ്ടായിരുന്നില്ല.
രണ്ടു ദിവസം ഇന്ധനമുണ്ടായാല്‍ അടുത്ത നാലു ദിവസം ഇല്ലാതിരിക്കുന്ന പ്രവണതയായിരുന്നു. പണത്തിരിമറിയിലൂടെയായിരുന്നു ഇന്ധനമെത്തിക്കലെന്നതാണു കാരണം. ഒരു ലോഡ് ഇന്ധനം വിറ്റാല്‍ ശരാശരി 16000 രൂപ മിച്ചം വരുന്ന സ്ഥാനത്താണിത്. വാഹന യാത്രികര്‍ക്കു ദുരിതത്തിനു പുറമേ ധനനഷ്ടവുമുണ്ടാകുന്നു. പ്രത്യേകിച്ചു ഓട്ടോറിക്ഷകള്‍ക്കും മറ്റു ടാക്‌സികള്‍ക്കും നിലവിലെ ലൈസന്‍സിക്കു പറ്റിയില്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ലൈസന്‍സ് മാറ്റി നല്‍കണമെന്നാണു ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."