ആറാട്ടോടെ ഗുരുവായൂര്‍ ഉത്സവം സമാപിച്ചു
ഗുരുവായൂര്‍: പത്തുദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. ഗ്രാമപ്രദക്ഷിണം കണ്ടുതൊഴാനും ആറാട്ടു കുളിക്കാനുമെത്തിയ ഭക്തജനസഞ്ചയം കൊണ്ട് ക്ഷേത്രനടകള്‍ നിറഞ്ഞുകവിഞ്ഞു. അഞ്ചാനകളുടെ അകമ്പടിയോടെ വൈകീട്ട് 6 നാണ് ഗ്രാമപ്രദക്ഷിണം തുടങ്ങിയത്. ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേന്തി. ഗുരുവായൂരപ്പന്റെ പ്രധാന നാല് കൊമ്പനാനകള്‍ ഇടംവലം നീങ്ങി. വേഷംകെട്ടിയ കൃഷ്ണനാട്ടം കലാകാരന്മാര്‍, സൂര്യമറ, തഴ എന്നിവ അകമ്പടി സേവിച്ചു. വഴിനീളെ ഭക്തര്‍ പറയും നിലവിളക്കും വെച്ച് സ്വീകരിച്ചു. ക്ഷേത്രക്കുളത്തിന്റെ വടക്കുപടിഞ്ഞാറു മൂലവരെ പഞ്ചവാദ്യവും തുടര്‍ന്ന് പാണ്ടിമേളവുമായിരുന്നു.
ഗ്രാമപ്രദക്ഷിണത്തിനുശേഷം ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടന്നു. തന്ത്രി വിഗ്രഹവുമായി മുങ്ങിനിവര്‍ന്ന ഉടന്‍ ഭക്തര്‍ ആറാട്ട് കുളിച്ച് സായൂജ്യം നേടി. ആറാട്ടിനുശേഷം വിഗ്രഹം പിടിയാന നന്ദിനിയുടെ പുറത്ത് എഴുന്നെള്ളിച്ച് ക്ഷേത്രത്തിനകത്ത് 11 തവണ ഓട്ടപ്രദക്ഷിണം നടത്തി. തുടര്‍ന്നാണ് ഉത്സവക്കൊടി ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."