പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ സംഭവം; പൊലിസ് പറയുന്നത് പച്ചക്കള്ളമെന്ന് മാതാവ്
ഹരിപ്പാട്: വീട്ടു വഴക്കിനെ തുടര്‍ന്ന് പതിനൊന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പൊലിസ് പറഞ്ഞതായി ഇന്നലെ പത്രത്തില്‍ വന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് മാതാവ് പൗര്‍ണ്ണമി പറഞ്ഞു. വിദേശത്തായിരുന്ന ബിനീഷ് നാട്ടിലെത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് കുഞ്ഞിനെ കാണാന്‍ എത്തിയത്. അഞ്ചുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. അന്നു മുതല്‍ ബിനീഷിന്റെയും മാതാവിന്റേയും പീഡനങ്ങളേറ്റു വരികയാണ്.
നിരന്തരം വഴക്കും ശാരീരിക പീഡനങ്ങളുമായതിനാല് പൗര്‍ണ്ണമിയും മൂത്ത കുട്ടിയും കുഞ്ഞുമായി മാതാപിതാക്കള്‍ക്കൊപ്പം രാമപുരത്തുള്ള കടയ്ക്കല്‍ തെക്കതില്‍ വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ രാമപുരത്തെ വീട്ടിലായിരുന്നു സംഭവം. വീട്ടിലെത്തി വഴക്കിട്ട ശേഷം പൗര്‍ണ്ണമിയെ മര്‍ദ്ദിക്കുകയും അമ്മയുടെ ഒക്കത്തിരുന്ന പതിനൊന്ന് മാസം പ്രായമായ അക്ഷരയെ എടുത്ത് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.കിണറിന് വല കെട്ടിയിരുന്നതിനാലാണ് കുഞ്ഞ് കിണറ്റിനുള്ളില്‍ പോകാഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഏറിന്റെ അഘാതത്തില്‍ കിണറിനുള്ളിലെ അരഞ്ഞാണഭിത്തിയില് ഇടിച്ച് തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെയും ക്രൂരമായി മര്‍ദനമേറ്റ പൗര്‍ണ്ണമിയെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ സ്കാനിങിനു വിധേയമാക്കി. കാര്യങ്ങള്‍ ഇങ്ങിനെയിരിക്കെ ഇത്രയും ക്രൂരത കാട്ടിയ പ്രതിയെ രക്ഷിക്കുവാന്‍ പൊലിസ് ഒത്തുകളിക്കുകയാണ്. കേസ് തേച്ചു മായ്ച്ചു കളയുവാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് നീതി ലഭിക്കണം, അതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്.ഇയാളോടൊപ്പം തുടര്‍ന്നു ജീവിക്കുവാന്‍ പറ്റുകയില്ല. എന്നെയും കുഞ്ഞുങ്ങളേയും കൊല്ലാനും മടിക്കുകയില്ല.
യാതൊരു വിട്ടുവീഴ്ചയുമില്ല.കേസുമായി മുന്നോട്ടു പോകുമെന്നും പൗര്‍ണ്ണമി സുപ്രഭാതത്തോട് പറഞ്ഞു. അതിനിടയില്‍ പ്രതി കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍ ബിനീഷ് (36)നെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."