പൈപ്പ് പൊട്ടിയിട്ട് എട്ടു മാസം; കുലുക്കമില്ലാതെ അധികൃതര്‍
ആലക്കോട്: ചപ്പാരപ്പടവ് മംഗര ബദരിയ്യ നഗറില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മെക്കാഡം ടാറിങ് നടത്തി പുനര്‍നിര്‍മിച്ച റോഡില്‍കൂടി വെള്ളമൊഴുകാന്‍ തുടങ്ങിയതോടെ റോഡും തകര്‍ച്ചാ ഭീഷണിയിലാണ്.
പൈപ്പ് പൊട്ടിയൊഴുകാന്‍ തുടങ്ങി എട്ടു മാസത്തോളമായെങ്കിലും അധികൃതര്‍ കണ്ട മട്ടില്ല.
റോഡരികിലെ കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. ദിവസേന നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്ന ഭാഗത്താണ് വെള്ളം ഒഴുകിയെത്തുന്നത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ചപ്പാരപ്പടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ഇത്തരത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം റോഡില്‍ കൂടി ഒഴുകുമ്പോഴും മൗനം പാലിക്കുന്ന ജലവിഭവ വകുപ്പിന്റെ നടപടിക്കെതിരേ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."