ജലമലിനീകരണം: മത്സ്യസമ്പത്ത് നശിക്കുന്നു
തുറവൂര്‍ : ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ മലിനീകരണം രൂക്ഷമായതോടെ മത്സ്യസമ്പത്ത് നശിക്കുന്നു. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകള്‍ ഉള്‍പെടുന്ന മേഖലയിലാണ് ഗുരുതരമായ ജല മലിനീകരണം നടക്കുന്നത്. ഇത് മത്സ്യ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളേയാണ് പട്ടിണിയിലാക്കുന്നത്.
ഇവിടുത്തെ ജലാശയങ്ങളിലും പൊതുതോടുകളും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കയാണ്. പീലിംഗ് ഷെഡുകള്‍,മത്സ്യ സംസ്‌കരണ കയറ്റുമതി സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ അന്യജില്ലകളിലെ കെട്ടിട സമുച്ചയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നത് മേഖലയിലെ ജലാശയങ്ങളും തോടുകളും കേന്ദ്രീകരിച്ചാണ്. ചാലുകളിലും മറ്റ് ജലാശയങ്ങളിലും ചീനവല, ഊന്നിവല, നീട്ടുവല എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി നിത്യവൃത്തിക്ക് വക കണ്ടെത്തുന്നമത്സ്യത്തൊഴിലാളികള്‍,മത്സ്യ കൃഷിക്കായി ചാലുകള്‍ ലേലത്തിനെടുത്തവര്‍ തുടങ്ങിയവരെയെല്ലാം മേഖലയിലെ മലിനീകരണം ആശങ്കയിലാക്കുകയാണ്. ഇവിടെ നൂറുകണക്കിന് മത്സ്യ സംസ്‌ക്കരണ കയറ്റുമതി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും കൃത്യമായരീതിയില്‍ മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനം ഒരുക്കാതെ അവ തോടുകളിലും ജലാശയങ്ങളിലും തള്ളുകയാണെന്നാണ് ആക്ഷേപം. പല സ്ഥാപനങ്ങളും മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് പൊതുജലാശയങ്ങളില്‍ ഒഴുക്കുന്നതായും പരാതിയുയരുന്നുണ്ട്. കൂടാതെ അറവു മാലിന്യങ്ങള്‍, കോഴി വേസ്റ്റ്, കക്കൂസ് മാലിന്യങ്ങള്‍ എന്നിവയും കായലുകളിലും പൊതു തോടുകളിലും നിക്ഷേപിക്കുന്നത് മത്സ്യ സമ്പത്ത് പാടേ നശിക്കുന്നതിന് കാരണമാകുമെന്നാണ് ആശങ്ക. ഉറവിടമാലിന്യ സംസ്‌ക്കരണം മാത്രമാണ് ഇതിന് ശാശ്വത പരിഹാരം. ജലാശങ്ങളിലെ മാലിന്യ നിക്ഷേപം തടയുക എന്നീ ലക്ഷ്യത്തോടെ കായല്‍ സംരക്ഷണ സമിതിയ്ക്ക് രൂപം നല്‍കി. എഴുപുന്ന ശ്രീനാരായണപുരം എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ എ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി. എം. ആനന്ദന്‍(ചെയര്‍മാന്‍),വി.ഹരിദാസ്,(കണ്‍വീനര്‍),ഭാസ്‌ക്കരന്‍,(വൈസ് ചെയര്‍മാന്‍),കെ.വി. പ്രസാദ്(ജോ.കണ്‍വീനര്‍)എന്നിവരേയും പതിനഞ്ചംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."