നെഹ്‌റു ട്രോഫി മത്സരങ്ങളുടെ ഘടന മാറ്റുന്നത് പഠിക്കാന്‍ വിദഗ്ധ സമിതി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ ഘടനയും നടത്തിപ്പും മാറ്റുന്നത് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ചുണ്ടന്‍ വള്ളങ്ങളുടെ എണ്ണം 22 ആയി വര്‍ധിച്ചതിനാല്‍ ട്രാക്കുകളുടെ എണ്ണം നാലില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തണമെന്നും ശക്തമായ മത്സരം ഉണ്ടാകാന്‍ ഹീറ്റ്‌സ് മത്സരങ്ങളില്‍ ഫിനിഷ് ചെയ്യുന്ന സമയം കണക്കാക്കി വള്ളങ്ങളെ മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണ് വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചത്. ട്രാക്കുകളുടെ വീതി കുറച്ച് അഞ്ചാക്കണമെന്നാണ് ആവശ്യം. സ്റ്റാര്‍ട്ടിങ് അടക്കമുള്ള നടത്തിപ്പ് കാര്യങ്ങളിലും കാലോചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സി.കെ. സദാശിവന്‍, കെ.കെ. ഷാജു, ആര്‍.കെ. കുറുപ്പ്, ജയിംസ്‌കുട്ടി, ഇക്ബാല്‍, പ്രമോദ്, പി.ഡി. ജോസഫ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. കമ്മിറ്റി തയാറാക്കുന്ന റിപ്പോര്‍ട്ടിന്‌മേല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കും. വള്ളംകളിയുടെ മുഖ്യസ്‌പോണ്‍സര്‍ക്കുള്ള നിരക്ക് 50 ലക്ഷം രൂപയാക്കാന്‍ യോഗം തീരുമാനിച്ചു. മുഖ്യസ്‌പോണ്‍സര്‍ നല്‍കുന്ന തുകയില്‍ നിന്ന് രണ്ടുവള്ളങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കും. വള്ളങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള തുക അഞ്ചു ലക്ഷം രൂപയായി നിശ്ചയിച്ചു.
കഴിഞ്ഞവര്‍ഷം ടിക്കറ്റ് വില്‍പനയിലൂടെ 60 ലക്ഷം രൂപ നേടിയെടുക്കാന്‍ മുന്‍കൈയെടുത്ത സബ് കളക്ടര്‍ ഡി. ബാലമുരളിയെ യോഗം അഭിനന്ദിച്ചു. ഇത്തവണ ടിക്കറ്റ് വില്‍പനയിലൂടെ 62 ലക്ഷം രൂപയും സംഭാവനകളിലൂടെ 15 ലക്ഷം രൂപയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയിലൂടെയും ബോട്ട് പാസിലൂടെയും രണ്ടു ലക്ഷം വീതവും പരസ്യ ചാര്‍ജായി മൂന്നു ലക്ഷം രൂപയും സമാഹരിക്കുകയാണ് ലക്ഷ്യം. 1.19 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. വള്ളംകളി നടത്തിപ്പിന് 1.47 കോടി രൂപയാണ് ഏകദേശ ചെലവ് കണക്കാക്കുന്നത്.
പൊതുയോഗം കൂടിയാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരെ നിശ്ചയിച്ചു. ജില്ലാ കളക്ടറാണ് കമ്മിറ്റികളുടെ ചെയര്‍മാന്‍. കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കാന്‍ എന്‍.റ്റി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ്കളക്ടര്‍ ഡി. ബാലമുരളിയെ ചുമതലപ്പെടുത്തി.
കണക്കുകള്‍ പരിശോധിക്കാന്‍ എ.എന്‍. പുരം ശിവകുമാര്‍, പി.ഡി. ജോസഫ്, രഘുനാഥ് എന്നിവരടങ്ങിയ ഇന്റേണല്‍ ഓഡിറ്റ് കമ്മിറ്റിയെ നിയോഗിച്ചു. ജൂലൈ ഒമ്പതിനു കൂടാനിരിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ ബജറ്റ് അവതരിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ എ.ഡി.എം. ഡോ. ഡി. സജിത് ബാബു അധ്യക്ഷ്യത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."