തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രം അയഞ്ഞു; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
കൊച്ചി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇന്നലെ കൊച്ചിയില്‍ പെട്രോളിന് 17 പൈസ വര്‍ധിച്ച് 77.52 രൂപയിലേക്കും ഡീസലിന് 23 പൈസ വര്‍ധിച്ച് 70.56 രൂപയിലും എത്തി. തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയുടെയും ഡീസലിന് 29 പൈസയുടെയും വര്‍ധനവാണ് നിലവില്‍വന്നത്. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റംവരുത്തുന്നത്. ഏപ്രില്‍ 24നാണ് ദൈനംദിന വിലമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയായ ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവുണ്ടായിട്ടും എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നില്ല. ജനരോക്ഷം കര്‍ണാടക തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ ദൈനംദിന വിലവര്‍ധനവ് നിര്‍ത്തിവച്ചതെന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന സൂചന നേരത്തേതന്നെ ഉണ്ടായിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ഇന്നലെ വിലവര്‍ധനവ് പ്രാബല്യത്തില്‍വന്നത്. പെട്രോളിനൊപ്പം ഡീസലിനുമുണ്ടായ വിലവര്‍ധനവ് പെട്രോള്‍, ഡീസല്‍ വിലയിലെ അന്തരം കുറച്ചിരിക്കുകയാണ്. ഏപ്രില്‍ രണ്ടാംവാരത്തോടെ 21 ദിവസംകൊണ്ട് രണ്ട് രൂപ 31 പൈസയുടെ വര്‍ധനവാണ് ഡീസലിന് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധനവ് തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും പെട്രോളിയം ഉല്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് എണ്ണക്കമ്പനികള്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."