ഗോവ: ഗവര്‍ണറുടെ നിലപാടിനെച്ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്ന ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരേ പാര്‍ലമെന്റില്‍ ഇന്നലെയും ബഹളം. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. വിഷയം കോണ്‍ഗ്രസ് അംഗം ദിഗ്വിജയ് സിങ്ങാണു ഉന്നയിച്ചത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിങ് ആവശ്യപ്പെട്ടു. ജയ്റ്റ്‌ലിയുമായി ഗവര്‍ണര്‍ സംസാരിച്ചുവെന്ന് വ്യക്തമാക്കുന്ന പത്രവാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. ഒരു പത്രത്തില്‍ വന്ന അഭിമുഖത്തില്‍ ഗവര്‍ണര്‍ ഗോവയില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പറയുന്നത്. പിന്നീട് ജയ്റ്റ്‌ലിയുമായി സംസാരിച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ ഉറപ്പുണ്ടായതെന്നും ഗവര്‍ണര്‍ പറയുന്നതായി സിങ് സഭയില്‍ വ്യക്തമാക്കി.
എന്നാല്‍ ഗവര്‍ണറുടെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍ സഭയുടെ അംഗീകാരവും തീരുമാനവും ആവശ്യപ്പെടുന്ന സ്വതന്ത്ര പ്രമേയത്തിനു നോട്ടിസ് നല്‍കിയാല്‍ മാത്രമേ ചര്‍ച്ച അനുവദിക്കൂ എന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. അരുണാചല്‍പ്രദേശില്‍ ഭരണസ്തംഭനം ഉണ്ടായപ്പോള്‍ ഗവര്‍ണറുടെ നടപടിയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണമെന്നതുസംബന്ധിച്ച് ഗവര്‍ണര്‍ എന്തിനാണ് കേന്ദ്ര മന്ത്രിയുടെ അനുവാദം തേടുന്നതെന്നും താന്‍ സംസാരിക്കുന്നത് ഗവര്‍ണറുടെ നടപടിയെക്കുറിച്ചല്ലെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രത്യേക നോട്ടിസ് നല്‍കിയാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങിയതോടെ സഭയുടെ പ്രവര്‍ത്തനം പലതവണ തടസപ്പെട്ടു.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാകക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു വിഷയം ഉന്നയിച്ചത്. സഭയില്‍ ഗവര്‍ണറുടെ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കിയതാണെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളുടെ വിഷയത്തില്‍ ഇടപെടുകയാണെന്ന് ഖാര്‍ഗെ വീണ്ടും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."