യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാത്തിരിക്കാം ക്ലാസ്സിക്ക് പോരാട്ടങ്ങള്‍ക്ക്
ന്യോന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ക്ലാസ്സിക്ക് പോരാട്ടങ്ങള്‍ക്കു കളമൊരുങ്ങി. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രഡിനു മറികടക്കേണ്ടത് ജര്‍മന്‍ കരുത്തരും മുന്‍ ചാംപ്യന്‍മാരുമായ ബയേണ്‍ മ്യൂണിക്കിനെ. 2015ലെ ഫൈനലില്‍ ഏറ്റുമുട്ടിയ മുന്‍ ചാംപ്യന്‍മരായ ബാഴ്‌സലോണയും ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും ഇത്തവണ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരും.
ഇംഗ്ലീഷ് ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി യൂറോപ്യന്‍ എലൈറ്റ് പോരാട്ടത്തിലെ തങ്ങളുടെ കന്നി ക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായാണു അങ്കത്തിനിറങ്ങുന്നത്. ഫ്രഞ്ച് ലീഗ് വണിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ മൊണാക്കോയ്ക്ക് ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടാണു എതിരാളികള്‍.
ഏപ്രില്‍ 12, 13, 19, 20 തിയതികളിലാണു ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഏപ്രില്‍ 12നു ആദ്യ പാദ ക്വാര്‍ട്ടറില്‍ യുവന്റസ്- ബാഴ്‌സലോണ, ഡോര്‍ട്മുണ്ട്- മൊണാക്കോ പോരാട്ടങ്ങളാണുള്ളത്. 13നു നടക്കുന്ന മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- ലെയ്സ്റ്റര്‍ സിറ്റിയുമായും ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡുമായും ഏറ്റുമുട്ടും. ഏപ്രില്‍ 19നു തുടങ്ങുന്ന രണ്ടാം പാദ ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ലെയ്സ്റ്റര്‍ സിറ്റി- അത്‌ലറ്റിക്കോ, റയല്‍ മാഡ്രിഡ്- ബയേണ്‍ മ്യൂണിക്ക് പോരാട്ടങ്ങളും 20നു മൊണാക്കോ- ഡോര്‍ട്മുണ്ട്, ബാഴ്‌സലോണ- യുവന്റസ് മത്സരങ്ങളും നടക്കും.
മുന്‍പ് റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാര്‍ലോസ് ആന്‍സലോട്ടി ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിനെയാണു കളി പഠിപ്പിക്കുന്നത്. ക്വാര്‍ട്ടറിലെ ഈ പോരാട്ടം കടുപ്പമേറിയതായി മാറുമെന്നുറപ്പിക്കാം. റയലിനെ എതിരാളിയായി ലഭിച്ചതിലെ ആകാംക്ഷ ആന്‍സലോട്ടി മറച്ചുവച്ചില്ല. ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. റയലിനെ കീഴടക്കാന്‍ പോന്ന കഴിവും കരുത്തും നിലവിലെ ബയേണ്‍ ടീമിനുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015നു ശേഷം യുവന്റസ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട് അതിനാല്‍ തന്നെ ബാഴ്‌സലോണയെ ഭയക്കാതെ കളിക്കാന്‍ ടീമിനു സാധിക്കുമെന്നു യുവന്റസ് വൈസ് പ്രിസഡന്റും മുന്‍ മധ്യനിര താരവുമായ പാവേല്‍ നെദ്‌വെദ് വ്യക്തമാക്കി. ബാഴ്‌സലോണയെ പോലൊരു ടീമിനെതിരേ പൊരുതാന്‍ മുഴുവന്‍ സമയവും മികവു പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."