ഖുര്‍ആന്‍ കാലത്തിനൊപ്പം സഞ്ചരിച്ച ആശയ പ്രപഞ്ചം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി ആചരിച്ചുവരുന്ന റമദാന്‍ ക്യാംപയിന്റെ ഭാഗായി ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേന്ദ്രകമ്മിറ്റി കോഴിക്കോട് അരയിടത്തുപാലം ചെറുശ്ശേരി ഉസ്താദ് നഗറില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോകരാജ്യങ്ങള്‍ വ്യവസ്ഥിതികളെ പൊളിച്ചെഴുതി നിയമനിര്‍മാണങ്ങളും ഭേദഗതികളും വരുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഭൗതിക വികാസത്തിന്റെ കൂടെ ഖുര്‍ആനിന്റെ ചക്രവാളം വികസിക്കുകയും ആന്തരിക പൊരുളുകള്‍ കൂടുതല്‍ തെളിയികയും ചെയ്യുന്ന കാഴ്ചയാണുള്ളതെന്നും മനുഷ്യസമൂഹത്തിന്റെ ജീവിതവിജയത്തിന് സ്രഷ്ടാവ് അവതരിപ്പിച്ച ഖുര്‍ആന്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ആശയ പ്രപഞ്ചമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, സയ്യിദ് എ.പി.പി തങ്ങള്‍ കാപ്പാട്, സയ്യിദ് സൈനുല്‍ആബിദീന്‍ തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ഉമ്മര്‍ പാണ്ടികശാല, അബൂബക്കര്‍ ഫൈസി മലയമ്മ, എഞ്ചിനീയര്‍ പി മാമുക്കോയ ഹാജി, കെ.പി കോയ, ഹസൈനാര്‍ ഫൈസി,സുബൈര്‍ മാസ്റ്റര്‍, ഒ.പി അശ്‌റഫ്, ബിച്ചിക്കോയ ഹാജി, ശരീഫ് മണിയാട്ടുകുടി, ആര്‍.വി അബ്ദുല്‍സലാം, മുഹമ്മദ് മായനാട് സംബന്ധിച്ചു. നാസര്‍ഫൈസി കൂടത്തായി സ്വാഗതവും റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം നന്ദിയും പറഞ്ഞു.
ഇന്നത്തെ പ്രഭാഷണ പരിപാടി രാവിലെ 8.30ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. 'വെള്ളം: മതവും ശാസ്ത്രവും' എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."