ദുരന്തനിവാരണം; എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം രൂപീകരിക്കും
കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എല്ലാ വില്ലേജുകളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനു പ്രത്യേക പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും രൂപീകരിക്കാന്‍ തീരുമാനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ കോഴിക്കോട് താലൂക്കില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി.
റോഡിന്റെ വശങ്ങളില്‍ അപകടകരമായ രീതിയിലുള്ള മരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണം. വൃത്തീഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും യോഗം നിര്‍ദേശിച്ചു.
കോഴിക്കോട് നഗരത്തില്‍ അടുത്തിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അനധികൃത മണ്ണെടുപ്പ് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. അപകടം സംഭവിക്കാനിടയായാല്‍ 100, 101, 1077 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാനും ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍, അഡി. തഹസില്‍ദാര്‍ ഇ. അനിതകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."