മുട്ട- മുട്ടയുല്‍പ്പന്ന മേള; 'എഗ്ഗ് ഫെസ്റ്റ് 2017'ന് തുടക്കമായി
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മുട്ട- മുട്ടയുല്‍പ്പന്ന മേളയായ 'എഗ്ഗ് ഫെസ്റ്റ് 2017'ന് സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി. ചലച്ചിത്രതാരം മാമുക്കോയ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ഓമന ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.കെ.ആര്‍ ഗീത പദ്ധതി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍ സാബു, മൃഗസംരക്ഷണ വകുപ്പ് ഡെ.ഡയറക്ടര്‍ ഡോ.രാജ്‌മോഹന്‍, ഡോ.അനില്‍ സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
21 വരെ നടത്തുന്ന മേളയില്‍ സെമിനാറുകള്‍, പാചക മത്സരം, കലാപരിപാടികള്‍ എന്നിവ നടക്കും. മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരാണ് വിവിധ മുട്ട വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അതിന്റെ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'മുട്ടവിഭവങ്ങള്‍' എന്ന പാചകപുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരിക്കു നല്‍കി നടന്‍ മാമുക്കോയ പ്രകാശനം ചെയ്തു. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടിയ ജില്ലയെ നാടന്‍മുട്ടയുല്‍പാദനത്തിലും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ മേള നടത്തുന്നത്.
വിവിധ വിഷയങ്ങളില്‍ ഇന്ന് നടക്കുന്ന സെമിനാറില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. നാളെ നടക്കുന്ന സയന്റിഫിക് സെമിനാറില്‍ 'വ്യാവസായിക മുട്ട ഉല്‍പാദനം- മാറുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍' , 'ബ്രീഡര്‍ ഫാം പ്രാക്ടീസസ്, മുട്ടക്കോഴി വളര്‍ത്തലും യന്ത്രവല്‍ക്കരണവും' എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. മേള 21ന് സമാപിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി മുഖ്യാതിഥിയായിരിക്കും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."