പൊതുവാള്‍ ജങ്ഷന്‍ - കവളപ്പാറ റോഡ് റീടാറിങ് ജോലി വൈകുന്നു
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ പൊതുവാള്‍ ജങ്ഷന്‍ - കവളപ്പാറ റോഡ് പൂരത്തിനു മുന്‍പ് ഗതാഗതയോഗ്യമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഈ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈന്‍ ജോലി കഴിയാത്തതാണ് റീടാറിങ് ജോലി വൈകാന്‍ കാരണമാകുന്നത്. പൊതുവാള്‍ ജങ്ഷനില്‍ നിന്നും കവളപ്പാറ വഴി കൂനത്തറയിലേക്കുള്ള പ്രധാന റോഡാണിത്. ഈ റോഡ് കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ഈ റൂട്ടില്‍ അഞ്ചോളം ബസുകള്‍ പത്തു ട്രിപ്പുകളിലായി സര്‍വിസ് നടത്തുന്നുണ്ട്. റോഡിന്റെ ദയനീയസ്ഥിതി കാരണം ചില ഓട്ടോറിക്ഷകളും വാഹനങ്ങളും ഈ റൂട്ടില്‍ വരാന്‍ മടിക്കുകയാണ്. കവളപ്പാറയിലെ ഐക്കോണ്‍സ് ആശുപത്രിയിലേക്ക് നിത്യേന രോഗികള്‍ പോകേണ്ട റോഡാണിത്. വളളുവനാട്ടിലെ ചരിത്രപ്രസിദ്ധമായ ആരിയങ്കാവ് ക്ഷേത്രവും ഇവിടെതന്നെയാണ്. ക്ഷേത്രത്തിലെ പൂരാഘോഷം തുടങ്ങി കഴിഞ്ഞു. വിവിധ ദേശങ്ങളില്‍ നിന്നുള്ള വേലകള്‍ ഈ വഴിയിലൂടെയാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുക. അടുത്തമാസം നാലിനാണ് പൂരം. പൂരത്തിനു മുമ്പ് റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രക്ഷേഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ മുഖവിലക്കെടുക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."