ജില്ലയിലെ കൊതുക് നിര്‍മാര്‍ജനം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണം: മന്ത്രി കെ.കെ ശൈലജ
കാഞ്ഞങ്ങാട്: ജില്ലയില്‍ ഒരാഴ്ചക്കകം കൊതുക് നിര്‍മാര്‍ജനം സാധ്യമാക്കണമെന്നും ഇതിനായി വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വരുന്നത് മൂന്നുമടങ്ങ് വര്‍ധിച്ചതായും ഇത് സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെട്ടതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു. എങ്കിലും മഴക്കാലത്ത് ഉണ്ടാകാവുന്ന പനി നിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മരുന്നിന് കുറവ് വരാതിരിക്കാന്‍ ആവശ്യഘട്ടങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് മരുന്നുവാങ്ങി നല്‍കാനുള്ള അധികാരം നേരത്തേ തന്നെ നല്‍കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള സീറം സെപ്പറേഷന്‍ യൂനിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനുള്ള നിര്‍ദേശവും മന്ത്രി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നല്‍കി. ഡെങ്കിപ്പനിക്കെതിരേ കരുതിരിയിരിക്കണം. 2017ല്‍ 37 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമേ എച്ച്1.എന്‍1, മലേറിയ, കോളറ എന്നിവക്കെതിരെയും കരുതിയിരിക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം രോഗങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പനി മരണം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നതിനാല്‍ തോട്ടം മുതലാളിമാരെ വിളിച്ചുചേര്‍ത്ത് അവരുടെ തൊഴിലാളികളെക്കൊണ്ട് തോട്ടം വൃത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് എ.ഡി.എമ്മിന് നിര്‍ദേശം നല്‍കി. ഇതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണം. ആരോഗ്യ ജാഗ്രത പ്രകാരമുള്ള മാര്‍ഗരേഖ അനുസരിച്ച് ഇരുപത് വീടുകള്‍ക്ക് ഒരാള്‍ എന്ന തോതില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം സജീവമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍. സുലൈഖ, വിവിധ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, എ.ഡി.എം എന്‍. ദേവീദാസ്, ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ഡി.എം.ഒ എ.പി ദിനേശ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."