ചരിത്ര സംഭവങ്ങള്‍ ഒറ്റ കാന്‍വാസിലേക്ക് പകര്‍ത്തി വിദ്യാര്‍ഥികള്‍ ചരിത്രം രചിച്ചു
പട്ടാമ്പി: പാഠപുസ്തകങ്ങളിലെ ചരിത്ര സംഭവങ്ങള്‍ ഒറ്റക്യാന്‍വാസില്‍ ഒതുക്കി വിദ്യാര്‍ഥികള്‍ പഠനപ്രവര്‍ത്തനത്തില്‍ വേറിട്ട മാതൃകയായി. കൊടുമുണ്ട ഗവ.ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികളാണ് പഠനപ്രവര്‍ത്തനത്തില്‍ പുതിയ ചരിത്രം രചിച്ചത്.
അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളിലെ സാമൂഹ്യ ശാസ്ത്രപുസ്തകങ്ങളിലെ ചരിത്ര സംഭവങ്ങള്‍ ക്രമത്തിലാക്കിയാണ് ഒറ്റ കാന്‍വാസില്‍ 'ചരിത്രം സാക്ഷി' എന്ന പേരില്‍ തയാറാക്കിയത്.
ബി.സി 610 ല്‍ നടന്ന ആദ്യഭൂപടം നിര്‍മാതാവും ഗ്രീക്ക് ദാര്‍ശനികനുമായ അനക്‌സിമാന്ററുടെ ജനനം മുതല്‍ 2015 ല്‍ നീതിആയോഗ് നിലവില്‍ വന്നതുള്‍പ്പെടെയുള്ള സംഭവങ്ങളാണ് നെടുനീളന്‍ പതിപ്പിലുള്ളത്.
കല്യാണസദ്യയിലും മറ്റും ഇലയിടുന്നതിനു മുന്‍പായി മേശകളില്‍ വിരിക്കുന്ന വില കുറഞ്ഞ കടലാസാണ് ചരിത്ര വിഭവങ്ങള്‍ ഒരുക്കാന്‍ തെരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളിലും കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താനായി സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ചുവരുകളില്‍ പതിപ്പ് ഒട്ടിച്ചു കഴിഞ്ഞു.
സീനിയര്‍ അധ്യാപകന്‍ കെ.ഉണ്ണികൃഷ്ണന്‍ പതിപ്പ് പ്രകാശനം ചെയ്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകരായ സജീവ്, ജിഷ, ഗോപിനാഥന്‍ എന്നിവര്‍ പതിപ്പു നിര്‍മാണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."